Wednesday, August 28, 2013

ആവണി അവിട്ടം, രക്ഷാബന്ധന്‍, സംസ്കൃത ദിനം


https://www.facebook.com/echmu.kutty/posts/186495371529765

( 2013 ആഗസ്റ്റ് 21നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് )

ആവണിഅവിട്ടത്തിനു  സ്ത്രീകള്‍  എന്തൊക്കെ ചെയ്യണമെന്നാണ്  ആചാരമെന്ന്  അമ്മയോട്  ചോദിച്ചു.. അമ്മ ആദ്യം ഒന്നും പറഞ്ഞില്ല.

പിന്നെ ചിരിച്ചു.

കാലത്തെഴുന്നേറ്റ്  കുളിച്ച്  ധാരാളം പലഹാരങ്ങളും വിഭവങ്ങളും  മറ്റും ഉണ്ടാക്കുക . നാമജപവും പൂണൂല്‍ മാറ്റലും തര്‍പ്പണവും ഒക്കെ കഴിഞ്ഞ്  പുരുഷന്മാര്‍ വരുമ്പോള്‍ അവരെ ആരതിയുഴിയുക,   വിഭവ സമൃദ്ധമായ   ആഹാരം വിളമ്പുക. വേറെ എന്താ പെണ്ണുങ്ങള്‍ക്ക്  ചെയ്യാന്‍ പറഞ്ഞിട്ടുള്ളത്  ആചാരങ്ങളില്‍ ....
 
അമ്മ നിറുത്തിയപ്പോള്‍ ഞാന്‍  ആലോചിക്കുകയായിരുന്നു.  വേറെ എന്താണ് ഒരു  റോള്‍... വളരെ ലഘുവായ  ചില  നാമജപങ്ങള്‍ക്കപ്പുറം ... കേമപ്പെട്ട ഒരു  ജപവും സ്ത്രീകള്‍ക്കായി അനുവദിക്കപ്പെട്ടിട്ടില്ല.  വിശിഷ്ടമായ ഒരു  പൂജയും അനുവദിക്കപ്പെട്ടിട്ടില്ല. സ്ത്രീകള്‍ക്കും ദൈവത്തിനുമിടയില്‍  അധികം അവകാശങ്ങളുമായി  എന്നും  പുരുഷന്മാര്‍ നിലയുറപ്പിച്ചിരുന്നു. 

തമിഴ് ബ്രാഹ്മണ പുരുഷന്മാരുടെ  ഉല്‍സവമാണ് ആവണി അവിട്ടം.  ഇക്കൊല്ലം ആഗസ്റ്റ് 20 നായിരുന്നു അത്.  ഋഗ് വേദികളും യജുര്‍ വേദികളുമായ  ബ്രാഹ്മണര്‍  ശ്രാവണ പൌര്‍ണമി ദിവസം നാമജപവും പൂണൂല്‍ മാറ്റലും  മറ്റും ചെയ്യുമ്പോള്‍  സാമവേദികള്‍  വിനായകചതുര്‍ഥിയ്ക്കാണ് ഇതൊക്കെ  ചെയ്യുന്നത്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും  സന്യാസിക്കും ആവണി അവിട്ടമുണ്ട്.

ബ്രഹ്മാവിന് താന്‍   വേദങ്ങളുടെ സൂക്ഷിപ്പുകാരനാണെന്ന്  വലിയ   അഹന്തയുണ്ടായത്രെ.    അഹന്ത അടക്കാന്‍ വിഷ്ണു രണ്ട് അസുരന്മാരെ പറഞ്ഞയക്കുകയും അവര്‍ വേദങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. അഹന്ത ഒതുങ്ങിയ ബ്രഹ്മാവ് വിഷ്ണുവിന്‍റെ സഹായം  തേടിയപ്പോള്‍ വിഷ്ണു  ഹയഗ്രീവനായി  അവതാരം കൊണ്ട്  വേദങ്ങള്‍ വീണ്ടെടുത്തു.  അങ്ങനെ ആവണി അവിട്ടം ഹയഗ്രീവ ഉത്പത്തി ദിവസമായും  അറിയപ്പെടുന്നു. 

പുരുഷന്മാര്‍ രാവിലെ കുളിച്ച് അമ്പലത്തില്‍ പോയി സന്ധ്യാവന്ദനവും   കാമമൃത്യുജപവും  ബ്രഹ്മ യജ്ഞവും  ദേവയജ്ഞവും പിതൃയജ്ഞവും മഹാസങ്കല്‍പവും  അനുഷ്ഠിക്കുന്നു. അതിനുശേഷം കുളിച്ച്  പൂണൂല്‍ മാറ്റിയശേഷം   കാണ്ഡ ഋഷീ തര്‍പണവും ഹോമവും  ചെയ്യുന്നു. വേദാധ്യയനത്തിനു  ആരംഭം കുറിക്കുന്നു.   

വീട്ടിലെത്തുമ്പോള്‍ പുരുഷന്മാരെ ആരതി ഉഴിഞ്ഞ്   സ്വീകരിക്കുന്നതും   പിന്നെ  ഇഡ്ഡലി, ഉഴുന്നു വട, പരിപ്പു വട, നെയ്യപ്പം,  ചോറ്, പലതരം  കറികള്‍, അപ്പളാം,  പായസം  ഒക്കെയായി വിഭവസമൃദ്ധമായ   ഭക്ഷണം  നല്‍കുന്നതും ആണ്  സ്ത്രീകളൂടെ ആവണി അവിട്ടം . അവര്‍ക്ക്  പ്രണവ മന്ത്രമില്ല,  വിഷ്ണു സഹസ്രനാമമില്ല,  വിശിഷ്ടമായ ഗായത്രിയില്ല..  ഒന്നുമില്ല.

പുരുഷന്മാര്‍ പിറ്റേ ദിവസം രാവിലെ കുളിച്ച്  ആയിരത്തെട്ട് തവണ ഗായത്രി ജപിക്കുന്നു. അപ്പോഴാണ് ആവണി അവിട്ടം  പൂര്‍ത്തിയാകുന്നത്.  

രക്ഷാബന്ധനെ  പരിചയമായത് ഉത്തരേന്ത്യയില്‍ വെച്ചാണ്. സഹോദരന്മാരില്ലാത്ത എനിക്ക്  ഈ ഉല്‍സവം ഒരിക്കലും  കാര്യമായി ആഘോഷിക്കേണ്ടി വന്നില്ല. ഒരു സുഹൃത്തിനു  രാഖി കെട്ടിയിരുന്നു കുറച്ചു കാലം. അദ്ദേഹത്തിന്‍റെ ഭാര്യ സ്വന്തം പെങ്ങളല്ലല്ലോ  പിന്നെന്തിനാണ് രാഖി  കെട്ടുന്നതെന്ന്  ചോദിച്ച ദിവസം ഞാനത് നിറുത്തി. പിന്നീട് ഒരിക്കലും  ആര്‍ക്കും  രാഖി  കെട്ടിയില്ല.

ഇന്തയില്‍ മാത്രമല്ല നേപ്പാളിലും  മൌറീഷ്യസിലും പാക്കിസ്ഥാനിലും രക്ഷാബന്ധന്‍ ആഘോഷമുണ്ട്. 

പെങ്ങള്‍ ആങ്ങളയെ സ്വന്തം രക്ഷകനായി കണ്ട്  ആങ്ങളയുടെ  കൈയില്‍ രാഖി കെട്ടുന്നു. ആങ്ങള  പെങ്ങള്‍ക്ക്  പണവും  സമ്മാനങ്ങളും  മറ്റും നല്‍കുന്നു.  ശ്രാവണ പൂര്‍ണിമ ദിനത്തിലാണ് രാഖി  ആഘോഷിക്കപ്പെടുന്നത്.

ചിത്തോറിലെ  റാണിയും വിധവയുമായിരുന്ന കര്‍ണാവതി ദേവി മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിനു രാഖി അയച്ച്  ഗുജറാത്ത് സുല്‍ത്താനായിരുന്ന ബഹദൂര്‍ഷായുടെ  ആക്രമണത്തില്‍  നിന്ന് ചിത്തോറിനെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടതായും അതിനുശേഷമാണ് രാഖി  ഇത്ര  പ്രശസ്തമായ ഒരുല്‍സവമായതെന്നും  ഐതിഹ്യമുണ്ട്.  ഹുമയൂണിനു സമയത്തെത്തി  റാണിയെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലത്രെ. അവര്‍ തീയില്‍ച്ചാടി മരിച്ചെങ്കിലും ഹുമയൂണ്‍ ബഹദൂര്‍ഷായെ കീഴടക്കി ചിത്തോര്‍  റാണിയുടെ മകനു തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

ശിശുപാല വധത്തില്‍ ശ്രീകൃഷ്ണന്‍റെ  വിരലില്‍ പറ്റിയ മുറിവില്‍ നിന്ന് രക്തമൊഴുകുന്നത് നിറുത്താന്‍  ദ്രൌപതി  തന്‍റെ സാരി വലിച്ചു  കീറി മണിബന്ധത്തില്‍  ഒരു കെട്ടു കെട്ടിയെന്നും  ദ്രൌപതിയുടെ  സ്നേഹവും ഉല്‍ക്കണ്ഠയും മനസ്സിലാക്കിയ ശ്രീകൃഷ്ണന്‍ പിന്നീടുള്ള  കാലമത്രയും  ദ്രൌപതിയെ  സംരക്ഷിക്കാന്‍ ചെലവാക്കിയെന്നും മറ്റൊരു ഐതിഹ്യമുണ്ട്. കൃഷ്ണന്‍റെ  മണിബന്ധത്തില്‍ ദ്രൌപതി കെട്ടിയ ആ സാരിക്കഷ്ണത്തിന്‍റെ  ഓര്‍മ്മയാണ് പിന്നീട് രാഖിയായി മാറിയതത്രെ. 

കഥകള്‍ എന്തായാലും പുരുഷനാല്‍ രക്ഷിക്കപ്പെടേണ്ടവള്‍ മാത്രമാണ് സ്ത്രീയെന്ന സമൂഹബോധത്തെ ഊട്ടിയുറപ്പിക്കുന്നതില്‍ രാഖിയ്ക്ക് വലിയ  പങ്കുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും നിയമപരമായും സ്ത്രീയ്ക്ക  ഒരു  വ്യക്തിയെന്ന  നിലയില്‍  സ്വാഭാവികമായി  ലഭിക്കേണ്ട  സംരക്ഷണത്തെ ഇമ്മാതിരി ചില  സൂത്രങ്ങള്‍ കൊണ്ട് നേരിടാനുള്ള ഒരു പരിശ്രമം. 

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ശ്രാവണ പൌര്‍ണമി  സംസ്കൃതദിനമായി  ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ഇന്നലെ ( ആഗസ്റ്റ് 20 ) ആയിരുന്നു    വര്‍ഷത്തെ  സംസ്കൃതദിനം. സംസ്കൃതം  ലോകത്തിലെ ഏറ്റവും  പുരാതനമായ ഭാഷകളില്‍ ഒന്നാണെന്ന്  അഭിപ്രായമുണ്ട്.  ഏതോ ഒരു  പുരാതന കാലത്ത്  സംസ്കൃതം  ഇന്ത്യയില്‍  അനവധി പേര്‍ സംസാരിച്ചിരുന്നുവെന്ന് പറയുന്നവരും ഉണ്ട്. വ്യാകരണ മഹാഭാഷ്യത്തില്‍ ഇതിനു തെളിവുണ്ടെന്നും  വാദിക്കപ്പെടുന്നുണ്ട്. മധ്യപ്രദേശിലെ ഝിരി എന്ന ഗ്രാമത്തിലും  കര്‍ണാടകയിലെ മത്തൂര്‍ എന്ന ഗ്രാമത്തിലും ഇപ്പോഴും  സംസ്കൃതത്തില്‍ സംസാരിക്കുന്ന അനവധി  പേര്‍  ഉണ്ടത്രേ. ഉത്തരാഖണ്ഡിലെ  ഔദ്യോഗിക  ഭാഷ  സംസ്കൃതമാണ്. 

ആകാശവാണിയില്‍ സംസ്കൃതവാര്‍ത്ത  വായിച്ചിരുന്ന ബലദേവാനന്ദ സാഗരയായിരിക്കും ഇയം  ആകാശവാണി, സമ്പ്രതി വാര്‍ത്താ ഹാ ശ്രൂയന്താം പ്രവാചകോ  ബലദേവാനന്ദ സാഗരഹ... .. എന്നും വാര്‍ത്തകള്‍   തീരുമ്പൊള്‍  ഇതി വാര്‍ത്താഹാ എന്നും  ഉള്ളത്രയും സംസ്കൃതം ഒരുപക്ഷെ,  അധിക ഭാഗം ഇന്ത്യാക്കാരെയും പരിചിതമാക്കിയത്.  കേരളത്തിലെ  ആകാശവാണിനിലയങ്ങള്‍ സംസ്കൃതപാഠം പ്രക്ഷേപണം ചെയ്തിരുന്നു...  മനോഹരമായ വാദ്യവൃന്ദത്തില്‍ ഒരു അവതരണ ഗാനത്തോടെ ...   ന സ്നാനം ന വിലേപനം ന കുസുമം എന്നൊരു ഭാഗം  മാത്രമേ  ആ ഗാനത്തില്‍ ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നുള്ളൂ.  
  
2006 ല്‍  ആദ്യമായി സംസ്കൃതത്തില്‍  ജ്ഞാനപീഠ പുരസ്കാരം നേടിയ  ശ്രീ സത്യവ്രതശാസ്ത്രികള്‍,  2010 ലെ  കേന്ദ്ര സാഹിത്യ  അക്കാഡമി അവാര്‍ഡ്  നേടിയ ഡോ എച്ച് ആര്‍ വിശ്വാസ് തുടങ്ങി അനവധി സംസ്കൃത സാഹിത്യകാരന്മാര്‍ ഈ ഭാഷയുടെ സാര്‍വജനീനമായ  പ്രചാരത്തിനു പരിശ്രമിക്കുന്നുണ്ട്.

സംഭാഷണ സന്ദേശാ, ഭാരതമുദ്രാ,രസനാ തുടങ്ങിയ  ആനുകാലികങ്ങളും  സുധര്‍മ്മാ എന്ന  ദിനപത്രവും  ഇപ്പോള്‍ സംസ്കൃതഭാഷയിലുണ്ട്.

സംസ്കൃതം  വളരെക്കുറച്ചു പേരില്‍ മാത്രം ഒതുങ്ങിപ്പോയ ഒരു ഭാഷയാണ്. നമ്മുടെ ജാതി വ്യവസ്ഥിതിയും ഇക്കാര്യത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.  കോടിക്കണക്കിനു മനുഷ്യര്‍ ഈ ഭാഷയ്ക്കുണ്ടെന്ന്  പലരും അവകാശപ്പെടുന്ന സകല മേന്മകളില്‍ നിന്നും ജാതിയുടെ പേരില്‍  മാത്രം  എക്കാലവും പുറത്താക്കപ്പെട്ടവരാണ്. ...    

Saturday, August 24, 2013

അമൂല്യമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ....



https://www.facebook.com/echmu.kutty/posts/188001354712500

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013  ആഗസ്റ്റ്  16    ന് പ്രസിദ്ധീകരിച്ചത്.)

ഇന്നലെയായിരുന്നു ആ ദിവസം നമ്മുടെ സ്വാതന്ത്ര്യ ദിനം. രക്തം ചിന്താതെ നേടിയ  സ്വാതന്ത്ര്യമെന്ന് ആലങ്കാരികമായി  പറയാമെങ്കിലും അതങ്ങനെ അത്ര എളുപ്പത്തില്‍  സംഭവിച്ചതൊന്നുമല്ലെന്ന്  എല്ലാവര്‍ക്കുമറിയാം. അനവധി മനുഷ്യര്‍ വളരെ  ഏറെ  വര്‍ഷങ്ങള്‍  തളരാതെ   സമരം ചെയ്തു  തന്നെയാണ് സ്വാതന്ത്ര്യ ദിനം  ആഘോഷിക്കാവുന്ന  പരിതസ്ഥിതിയില്‍ നമ്മള്‍ ഇന്ത്യാക്കാര്‍ എത്തിച്ചേര്‍ന്നത്.  അന്നുണ്ടായ  വെട്ടിമുറിക്കലുകളുടെ  വേദനാപൂര്‍ണമായ ഓര്‍മ്മകളും  ആ മുറിവുകളിലിന്നും പൊടിയുന്ന  രക്തവും   ഇന്നും  നമ്മുടെ രാജ്യത്തെ   ആഴത്തില്‍  അസ്വസ്ഥമാക്കുന്നുണ്ട് .  ഇന്നത്തെക്കാലത്തെന്ന പോലെ അന്നും ജനങ്ങളുടെ  സമരങ്ങളെ   എല്ലാ  തരത്തിലും എതിര്‍ക്കുകയും ബ്രിട്ടീഷ് മേല്‍ക്കോയ്മയെ സര്‍വ വിധത്തിലും  പിന്തുണയ്ക്കുകയും ചെയ്ത അനവധിപ്പേരുണ്ടായിരുന്നു. ഫ്രീഡം സ്ട്രഗ്ള്‍ എന്ന സ്വാതന്ത്ര്യ സമരത്തെ  തികഞ്ഞ പുച്ഛത്തോടെയും അവജ്ഞയോടെയും മാത്രം നോക്കിക്കണ്ടവര്‍. എല്ലാവരും   ഒരുമിച്ച് നിന്ന്  അപ്പോഴും പൊരുതിയിരുന്നില്ല  എന്നര്‍ഥം . 

1947 ആഗസ്റ്റ് 15 ന് നമുക്ക്  ഇന്‍ഡിപെന്‍ഡന്‍സ്  ലഭ്യമായി എന്നാണല്ലോ. ഇവിടെ ഈ ഇംഗ്ലീഷ് പദം തന്നെ ഉപയോഗിച്ചത്  ആ പദത്തിന്‍റെ   ശരിയായ  അര്‍ഥത്തില്‍ നമ്മള്‍ പരാശ്രയമില്ലാത്ത ജനതയായി  മാറിയോ എന്നത്  ആലോചിക്കേണ്ട കാര്യമായി തോന്നിയത്  കൊണ്ടാണ്. മാനസികമായ സ്വാശ്രയത്വം  നമുക്ക്  ഇനിയും കൈവന്നിട്ടുണ്ടോ?  കൊളോണിയല്‍ അടിമത്തം ഇപ്പോഴും  നമ്മുടെ  സിരകളില്‍ വെളുത്ത നിറത്തിനോടുള്ള ആസക്തിയായും പല  നിയമങ്ങളെയും   പൊളിച്ച്  എഴുതാനുള്ള മടിയായും സായിപ്പിനെ കാണുമ്പോള്‍  കവാത്തു  മറക്കുന്ന ശീലമായും നിറഞ്ഞു നില്‍ക്കുന്നു. അതുകൊണ്ട്  ആരെല്ലാമോ ചോരയും വിയര്‍പ്പും ചിന്തി സമ്പാദിച്ച, നാം  തെരഞ്ഞെടുക്കുന്ന  നമ്മൂടെ നാട്ടുകാര്‍ നമ്മെ ഭരിക്കുന്ന,    സ്വാശ്രയത്വത്തിനു  പ്രത്യേകിച്ചൊരു   വിലയും കൊടുക്കാതെ നമ്മള്‍ നഷ്ടപ്പെടുത്തിക്കളയുന്നു. 

ജനങ്ങളുടെ  എല്ലാ പ്രശ്നങ്ങളില്‍  നിന്നും ഒഴിഞ്ഞു  മാറുന്ന ഗവണ്‍മെന്‍റുകളാണ്  അറുപത്തിയാറു വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിപ്പുറം നമ്മെ അഭിമുഖീകരിക്കുന്നത്. നമ്മുടെ കാര്‍ഷിക വ്യവസ്ഥയെ    മൊണ്‍സാന്‍റൊ  മാതിരിയുള്ള  വിദേശക്കമ്പനികള്‍ തീരുമാനിക്കുന്നു. നമുക്ക്  വെള്ളം  എങ്ങനെ ലഭ്യമാക്കണമെന്ന് അതിന് എത്ര  പണം  ഈടാക്കണമെന്ന് വേള്‍ഡ് ബാങ്ക്  പറയുന്നു.  കുഴിച്ചുമൂടപ്പെടേണ്ട  അല്ലെങ്കില്‍ ശാസ്ത്രീയമായി ഇല്ലാതാക്കപ്പെടേണ്ട  വിദേശമാലിന്യങ്ങള്‍  പോലും  നമുക്കൊരു ജീവിതമാര്‍ഗം തരികയാണെന്ന വ്യാജേനെ  കപ്പല്‍ കയറി  ഇവിടത്തെ  തുറമുഖങ്ങളിലെത്തുന്നു.  നമ്മുടെ  വൈദ്യുതി എങ്ങനെ  ന്യൂക്ലിയര്‍  റിയാക്ടറുകളെ ആശ്രയിക്കണമെന്ന് , നമ്മള്‍  ഫോണില്‍   സംസാരിക്കുമ്പോള്‍ ഏതു  വിദേശക്കമ്പനിയ്ക്ക്  ലാഭം കിട്ടണമെന്ന് , നമ്മുടെ  വീടുകളില്‍  എന്തു   മാതിരി സാധനങ്ങളാണുണ്ടാകേണ്ടതെന്ന് , നമ്മള്‍ കുടിക്കേണ്ട പാനീയമെന്തെന്ന് ,  കഴിക്കേണ്ട  ചിക്കനെന്തെന്ന്, നമുക്ക് ഏതു  തരം  പരുത്തി വേണമെന്ന്    ഒക്കെ തീരുമാനിക്കാന്‍  നമ്മൂടെ ഗവണ്‍മെന്‍റുകള്‍ മുട്ടുകാലില്‍ നിന്ന് വിദേശത്തെ യജമാനന്മാരോട് ആവശ്യപ്പെടുന്നു. അവര്‍  പ്രഖ്യാപിക്കുന്നത്   ഏറ്റവും  ശുഷ്ക്കാന്തിയോടെ  നടപ്പിലാക്കുക എന്നതു മാത്രമാണ് ഇപ്പോള്‍  ഭരണരീതി. നമ്മുടെ ഏറ്റവും നല്ല  ഉല്‍പന്നങ്ങള്‍ സായിപ്പിന് നല്‍കി  വിദേശപണം സമ്പാദിച്ചാലേ രക്ഷയുള്ളൂ  എന്ന മനസ്ഥിതിയാണ്  ഭൂരിഭാഗം  ഇന്ത്യാക്കാരേയും ഭരിക്കുന്നത്. 1947നു  മുമ്പ്  നമ്മുടെ സമ്പത്തു മുഴുവന്‍  വിദേശത്തേയ്ക്ക് നേരെചൊവ്വെ  ഒഴുകിയിരുന്നെങ്കില്‍ ഇന്നത് ചില  സമര്‍ഥമായ കണ്ണുമൂടിക്കെട്ടലുകളിലൂടെ  തന്ത്രപരമായ വാചകമടികളിലൂടെ പുതിയ ഒരൂട്ടം  അപൂര്‍വന്യായങ്ങളിലൂടെ വിദേശത്തേക്ക് യാത്രയാകുന്നു..

ഫ്രീഡം എന്ന  പദത്തിനു സ്വാതന്ത്ര്യം എന്നാണ് മലയാളത്തില്‍ നമുക്ക്  പറയാവുന്ന അര്‍ഥം. നമ്മള്‍ ജനങ്ങള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഏതുവരെയാണെന്ന് വല്ലപ്പോഴുമെങ്കിലും ആലോചിച്ചു നോക്കാവുന്നതാണ്.  ഏകാധിപത്യത്തിലോ സൈനിക ഭരണത്തിലോ മത രാജ ഭരണങ്ങളിലോ ഉള്ളതിലുമധികം സ്വാതന്ത്ര്യം അവകാശപ്പെടാമെങ്കിലും   ഒരു സമ്പൂര്‍ണ ജനാധിപത്യ രാജ്യത്തിന്  പ്രതീക്ഷിക്കാവുന്ന  സ്വാതന്ത്ര്യം നമുക്കുണ്ടോ? സൈന്യമായാലും  പോലീസായാലും നീതിന്യായ വ്യവസ്ഥയായാലും നമ്മുടെ   ഭരണാധികാരികളായാലും മതനേതാക്കന്മാരായാലും   വിമതശബ്ദം കേട്ടാലുടനെ  വിറളിയെടുക്കുന്ന അസഹിഷ്ണുക്കളായിത്തീരുന്നു.  കുഞ്ഞു വിമര്‍ശനമോ  ചെറിയ എതിര്‍പ്പോ ചില്ലറ പ്രതിഷേധം പോലുമോ  അധികാരം ഇഷ്ടപ്പെടുന്നില്ല,  എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു എന്ന്  ആലോചിക്കാനുള്ള രാഷ്ട്രീയമായ പക്വതയോ  സാമൂഹികമായ സദാചാരമോ  അടിയുറച്ച  ജനാധിപത്യ ബോധമോ പ്രകടിപ്പിക്കുന്നതിനു പകരം തങ്ങളെ  അധികാരികളാക്കി മാറ്റിയ ജനത്തിന്‍റെ  വായ് മൂടിക്കെട്ടാന്‍ , കൈകാലുകള്‍ അടിച്ചൊടിക്കാന്‍,  പൊതുജനമേ  നീ ഒരു വെറും  കഴുത മാത്രമാണെന്ന് പ്രഖ്യാപിക്കാന്‍  എന്താണ് മാര്‍ഗമെന്ന്    മാത്രം അന്വേഷിക്കുന്ന തരം  നിലവാരത്തകര്‍ച്ചയിലേക്ക് എല്ലാത്തരം  അധികാരസ്ഥാപനങ്ങളും കൂപ്പുകുത്തുന്നു.

ജനങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്തിന്‍റെ നട്ടെല്ലൊടിച്ച്  ഭരിക്കുക എന്നതൊരു  വിദേശ ഭരണ തന്ത്രമാണ്.   ജനങ്ങള്‍ തമ്മില്‍ ജാതിയുടെയും മതത്തിന്‍റേയും  ഭാഷയുടേയും നിറത്തിന്‍റേയും അങ്ങനെ അനവധി കാക്കത്തൊള്ളായിരം കാര്യങ്ങളില്‍  പൊരുത്തപ്പെടാതിരിക്കുകയെന്നത്  ഭരണാധികാരം ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല എന്ന ഭരണസൌകര്യത്തിന്‍റെ  ലക്ഷ്യവുമാണ്. നിര്‍ഭാഗ്യവശാല്‍  നമ്മള്‍ തെരഞ്ഞെടുക്കുന്ന നമ്മുടെ  ഭരണാധികാരികളും ഈ തന്ത്രവും ലക്ഷ്യവും  മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നിച്ചു നില്‍ക്കുന്ന ജനക്കൂട്ടത്തിന്‍റെ പ്രതിഷേധത്തെ നേരിടുന്നതിലും എത്രയോ എളുപ്പമാണ് പല കഷണങ്ങളായി പൊട്ടിത്തിരിഞ്ഞു നില്‍ക്കുന്നവരുടെ എതിര്‍പ്പിനെ നേരിടുന്നത്... അതുകൊണ്ട് അറുപത്താറു വര്‍ഷത്തെ  ഇന്‍ഡിപെന്‍ഡന്‍സിനും അല്ലെങ്കില്‍ സ്വാശ്രയത്തിനും ഫ്രീഡത്തിനും അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിനും  പോലും നമ്മള്‍ ഇന്ത്യാക്കാര്‍ എന്ന ഏകതാബോധവും  അഭിമാനവും  നമ്മില്‍ ജനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനായി ആരും  ആത്മാര്‍ഥമായി ശ്രമിക്കുന്നുമില്ല.... 

എല്ലാ  കുറവുകള്‍ക്കിടയിലും  നമ്മള്‍  ഒരു  സ്വതന്ത്ര രാജ്യമാണ്.  അനവധി മനുഷ്യര്‍ അവരുടെ ജീവിതവും  ചോരയും  ചിന്തി നേടിത്തന്ന  സ്വതന്ത്ര രാജ്യമെന്ന ഉന്നതമായ  പദവിയെ ആദരവോടെയും ബഹുമാനത്തോടെയും നിലനിറുത്തുവാന്‍  നമ്മള്‍ എല്ലാവര്‍ക്കും ചുമതലയുണ്ട്.

Monday, August 19, 2013

ഡാനിഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി.... തരംഗം പാടി



       


( ഫേസ്  ബുക്കിലെ  യാത്രാ ഗ്രൂപ്പില്‍  പോസ്റ്റ്  ചെയ്തത്. ) 



വളരെക്കാലം മുമ്പാണ് ഡാനിഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി എന്ന് കേട്ടത്. ഏറെ പരിചിതമായ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി എന്ന വാക്കിന്‍റെ സ്വാധീനത്തില്‍  ഈ കേള്‍വി അപ്രധാനമായി  മുങ്ങിപ്പോവുകയാണുണ്ടായത്. എങ്കിലും അവസരമുണ്ടായപ്പോള്‍  ചുരുള്‍  നിവരുന്ന  ഓര്‍മ്മയെപ്പോലെ ഡാനിഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയും  തരംഗംപാടിയും പൊടുന്നനെ മനസ്സിലേക്കെത്തുകയായിരുന്നു. 

തമിഴ് നാട്ടിലെ നാഗപട്ടണം  ജില്ല... അവിടെ  കാരൈക്കലിലെ  തിരുനല്ലാറില്‍ നിന്ന്  പോണ്ടിച്ചേരിയിലേക്ക് മടങ്ങുമ്പോഴായിരുന്നു, ട്രാന്‍ക്യൂബാര്‍ എന്ന  തരംഗംപാടിയെ കാണാനിട വന്നത്. റോഡിനിരുവശത്തുമുള്ള  ഉപ്പുപരല്‍  മിന്നുന്ന അനാകര്‍ഷകമായ തരിശു ഭൂമിയിലേക്കും  അവിടവിടെ കാണുന്ന മുരടിച്ച കുറ്റിക്കാടുകളിലേക്കും  കണ്ണയച്ചു  സീറ്റില്‍  ചാരിക്കിടക്കുമ്പോള്‍ കാര്‍ ഡ്രൈവര്‍  ചോദിച്ചു ... തരംഗം പാടി  പാത്തിരിക്കീങ്കളാ?

ഇല്ലെന്ന മൂളലില്‍ താല്‍പര്യക്കുറവുണ്ടായിരുന്നുവോ? അതാണോ  ഡ്രൈവര്‍ പിന്നെയും  പ്രേരിപ്പിക്കുന്ന മാതിരി  ഡാനിഷ്  ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ  കോട്ടയുണ്ടെന്നും  മറ്റും പറഞ്ഞു   തുടങ്ങിയത്? അത് കേട്ടപ്പോള്‍  പെട്ടെന്ന് ഏതോ ഉള്ളറയില്‍ നിന്ന് എണീറ്റ് വരുമ്പോലെ പണ്ടെന്നോ വായിച്ചു  മറന്ന ഡാനിഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയും ട്രാന്‍ക്യൂബാര്‍  എന്ന തരംഗംപാടിയും   മനസ്സിലുയര്‍ന്നു വന്നു. തരംഗം  പാടിയെന്നാല്‍  പാടുന്ന  തിരകളുടെ നാട് എന്നാണര്‍ഥം.
ഏറെ  ഉയരമുള്ള കോട്ടവാതില്‍  മനോഹരമായിരുന്നു. എങ്കിലും  അതിന്‍റെ പരിസരങ്ങളിലോ    കെട്ടിടങ്ങളിലോ  പഴമയുടെ ഗന്ധം പേറുന്ന കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. ഗേറ്റ് ഹൌസ് മാത്രം  ഡാനിഷ്  സംസ്കൃതിയെ  നിലനിറുത്തിക്കൊണ്ട്  നവീകരിച്ചിട്ടുണ്ട്. ബാക്കിയെല്ലാം തലമുറകളായി വിറ്റുപോയെന്നു ഡ്രൈവര്‍ പറഞ്ഞു. കന്യാസ്ത്രീ മഠവും പള്ളിയും കൊച്ചു വീടുകളും എല്ലാമുണ്ട്    വഴിയില്‍. തികച്ചും ആധുനികമായ ഒരു ജനപദത്തിനു  ഡാനിഷ് ശൈലിയില്‍ നിര്‍മിച്ച  നാനൂറ് വര്‍ഷം  പഴക്കമുള്ള വലിയ ഒരു വളച്ചു  വാതില്‍ എന്തിനാണെന്നായിരുന്നു  ആദ്യം തോന്നിയത്. ... പ്രധാന  പാതയില്‍ നിന്ന് തരംഗം പാടിയിലേക്ക് തിരിയുമ്പോഴൊന്നും  നമ്മെ കാത്തിരിക്കുന്നതെന്തെന്ന്  ഒരു സൂചനയും ലഭ്യമല്ലാത്ത  വിധം അതിസാധാരണമായ ഒരു  തമിഴ് ഉള്‍നാടന്‍ ജീവിതമായിരുന്നു  അവിടെ. ആ വഴി അവസാനിക്കുന്നേടത്തായിരുന്നു  ബെര്‍ത്തലോമ്യോസ് സീഴെന്‍ബാഗെന്ന ജര്‍മ്മന്‍കാരനായ ലൂഥറന്‍ പാതിരിയുടെ സ്വര്‍ണനിറമുള്ള പ്രതിമയും  കല്ലില്‍ കൊത്തിയ  വാഴ്ത്തുകളും...  അവിടെ എത്തുന്നത് വരെ എന്തിനാണ് ഡെന്മാര്‍ക്കില്‍  നിന്ന്  ആളുകള്‍ നാനൂറ്  വര്‍ഷം മുന്‍പ്  ഇമ്മാതിരി ഒരു സ്ഥലത്തേക്ക് വന്നിട്ടുണ്ടാവുക  എന്ന  അതിശയം  മനസ്സിലുണ്ടായിരുന്നു.   തമിഴില്‍ ന്യൂ ടെസ്റ്റാമന്‍റും പിന്നീട് ബൈബിളും  ആദ്യമായി അച്ചടിച്ച  ഡാനിഷുകാര്‍...  തമിഴ് ഗാനങ്ങള്‍  ജര്‍മ്മനിലേക്കും തിരിച്ചും ആദ്യമായി  വിവര്‍ത്തനം ചെയ്തവര്‍ ,   ജര്‍മ്മനിയില്‍  തമിഴ് പഠിക്കാന്‍ ആദ്യമായി അവസരമൊരുക്കിയവര്‍, പ്രൊട്ടസ്റ്റന്‍റ്  വിശ്വാസം ആദ്യമായി ഇന്ത്യയിലെത്തിച്ചവര്‍,  തമിഴിനു ആദ്യമായി നിഘണ്ടു എഴുതിയവര്‍,  തമിഴ് നാട്ടില്‍  ആദ്യമായി പെണ്‍ പള്ളിക്കൂടവും അച്ചടിശാലയും  ആരംഭിച്ചവര്‍ എന്നിങ്ങനെ അവിടെ കൊത്തിവെച്ച  അനവധി  അപദാനങ്ങളുടെ  പട്ടിക വായിച്ചു നോക്കുമ്പോഴും ആ അതിശയം മാറിയിരുന്നില്ല.. 

എന്തുകൊണ്ട്  ഇങ്ങനെ ഒരു  സ്ഥലം? 

ഒരു നിമിഷം വലത്തോട്ട് തിരിയുമ്പോഴാണ്   അതിന്‍റെ ഉത്തരം നീലപ്പൂഞ്ചായലിളക്കുന്ന  ലാസ്യ മോഹിനിയായ ബംഗാള്‍  ഉള്‍ക്കടലായി മുന്നില്‍ വിടര്‍ന്നത്. കണ്ണെത്താ ദൂരം വരെ നീലക്കടല്‍ .... നീലയോ?  അല്ല കടല്‍പ്പച്ച... കടല്‍പ്പച്ചയോ? അല്ല്ല, പിന്നെ... അമ്മാതിരി....  നീലിച്ചു പച്ചച്ച  അല്ലെങ്കില്‍  പച്ചച്ചു  നീലിച്ച  ബംഗാള്‍ ഉള്‍ക്കടല്‍... കോട്ടയും തുറമുഖവും  കടലിലേക്കിറങ്ങിക്കിടക്കുന്ന  മനോഹാരിത..  അങ്ങകലെയായി അനവധി  ബോട്ടുകള്‍..  ചക്രവാളത്തിന്‍റെ  അരികിലേക്ക് മന്ദംമന്ദം മാഞ്ഞു  മറയുന്ന കൂറ്റന്‍  യാനപാത്രങ്ങള്‍....ആത്മാവിന്‍റെ  ആഴങ്ങളില്‍പ്പോലും  കുളിര്‍മ  പകരുന്ന  കടല്‍ക്കാറ്റ്.... 

ഇവിടെയല്ലെങ്കില്‍  പിന്നെവിടെയാണ് ഡാനിഷുകാര്‍  കോട്ടയും തുറമുഖവും  പണിയേണ്ടത്? സ്വരണ്ണപ്പണിക്കാരും കൊല്ലന്മാരും  മുക്കുവരും ഒക്കെ  അടങ്ങുന്ന   ജനപദമുണ്ടാക്കേണ്ടത്? പോസ്റ്റ്  ഓഫീസ്  റോഡും  ക്വീന്‍സ് റോഡും  കളക്ടറുടേയും  ഗവര്‍ണറുടേയും ബംഗ്ലാവുകളും തുറമുഖവും മറ്റ് ഓഫീസുകളുമായി   വാണിജ്യം പച്ച പിടിപ്പിയ്ക്കേണ്ടത്? മുസ്ലിം വ്യാപാരികളും  ജര്‍മ്മന്‍ സുവിശേഷകരും മൊറേവിയന്‍ വ്യവസായ പ്രമുഖരുമായി ഭൂഗോളത്തിന്‍റെ  നാനാ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തരായ ജനതതിക്ക്  തിങ്ങി  നിറയുവാന്‍  ഇതിലും പറ്റിയ   തന്ത്രപ്രധാനമായ  മറ്റൊരിടമുണ്ടോ?
കടല്‍ത്തീരവുമായി അലിഞ്ഞ് കിടക്കുന്ന കളക്ടറുടെ  ബംഗ്ലാവ്  ഇന്നൊരു ഹോട്ടലാണ്.  നീംറാണ എന്ന  രാജസ്ഥാനി ബ്രാന്‍ഡ്  ഹോട്ടല്‍.    കടല്‍ത്തീരത്തെ സൂര്യോദയം അഭൌമമായ  ആഹ്ലാദാനുഭൂതികള്‍  പകരുമെന്ന്  ഹോട്ടല്‍  ജീവനക്കാരന്‍  അറിയിച്ചു.  ആ കുശലം പറച്ചിലും അവരുടെ ആതിഥ്യമര്യാദയുടെ ഭാഗമായിരിക്കാം.  2004 ലെ  സുനാമിയെ  നാനൂറു വര്‍ഷം പഴക്കമുള്ള ഈ  ബംഗ്ലാവ് അതിജീവിക്കുകയായിരുന്നു. കടല്‍ത്തീരത്തെ ബോട്ടുകളെ  കോട്ടവാതിലില്‍  എത്തിച്ച സുനാമിത്തിരകള്‍ക്ക് കളക്ടറുടേയും ഗവര്‍ണറുടേയും ബംഗ്ലാവുകളേയും  തലയുയര്‍ത്തി നില്‍ക്കുന്ന കോട്ടയേയും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് സുനാമിയില്‍ സമസ്തവും നഷ്ടപ്പെട്ട  മുക്കുവര്‍  വിവരിച്ചു തന്നു. പാവപ്പെട്ട  മുക്കുവര്‍ക്ക് ആ ദുരന്തത്തില്‍ നഷ്ടമായത് എണ്ണൂറോളം മനുഷ്യരെയായിരുന്നു. അവരുടെ  വീട്ടുപകരണങ്ങളും പൊളിഞ്ഞ വഞ്ചികളും പരമ്പര്യമായി  പക്കലുണ്ടായിരുന്ന പലതരം  കൌതുക വസ്തുക്കളൂം ഡാനിഷ് പാരമ്പര്യത്തിന്‍റെ  നിദര്‍ശനങ്ങളും  എല്ലാം ഒന്നിച്ച്  ചേര്‍ത്തുവെച്ച് ഓല മേഞ്ഞ ഒരു  മ്യൂസിയം  ഇപ്പോള്‍  അവിടെയുണ്ട്. പ്രകൃതിക്ഷോഭം  മനുഷ്യരെ എത്രമാത്രം നിസ്സഹായരും അനാഥരുമാക്കുന്നുവെന്ന് കണ്ടു നില്‍ക്കുക ഒട്ടും എളുപ്പമല്ല. തകര്‍ന്നു പോയ മനുഷ്യജീവിതങ്ങള്‍ അവിടെ  തുരുമ്പെടുത്ത ചീനച്ചട്ടിയും  തവിയും കോപ്പയുമായി,   കീറിയ വലയും നിറം പോയ തൊപ്പിയും പൊളിഞ്ഞ നയമ്പുമായി കണ്ണീരു  പെയ്യുന്നു.
പഴയ ഡാനിഷ് തുറമുഖത്തിന്‍റെ അവശിഷ്ടങ്ങള്‍ കോട്ടയുടെ സമീപം പരന്നു കിടക്കുന്നുണ്ട്. മഴ തിമര്‍ത്ത് പെയ്യുമ്പോള്‍ കടലിനു മേദസ്സു വര്‍ദ്ധിക്കുമ്പോള്‍   ആ അവശിഷ്ടങ്ങള്‍  കടലില്‍  ഒളിക്കും... കോട്ടമതിലിനു  തൊട്ടു താഴെ വരെ  കടല്‍ കയറി വരുമെന്നും ദൂരെ നിന്നു നോക്കുമ്പോള്‍ കോട്ട  ചലിക്കുന്നതു മാതിരി തോന്നുമെന്നും മുക്കുവര്‍  പറയാതിരുന്നില്ല.

സദാംഗന്‍പാടി എന്ന പേരില്‍  തരംഗംപാടിയെ പറ്റി  പതിന്നാലാം നൂറ്റാണ്ടിലാണത്രേ ആദ്യത്തെ ചരിത്ര പരാമര്‍ശം  കാണപ്പെടുന്നത് . ഓവേ ഗെഡ്ഡെ എന്ന ഡാനിഷ് ക്യാപ്റ്റനാണ്  ഇവിടെ ഈ കോട്ട  പണിതത്.  അത് 1620 ലായിരുന്നു. കോട്ടയില്‍  വലിയ  കലവറകളും കടകളും  കുതിരലായങ്ങളും അടുക്കളയും ശുദ്ധ ജലം  നിറഞ്ഞ ഒരു കിണറും ഉണ്ട് .   ഡെന്മാര്‍ക്  രാജാവിന്‍റെ പ്രതിനിധിയായി  കുരുമുളകു വ്യാപാരത്തിനുള്ള സാധ്യതകള്‍  അന്വേഷിച്ചാണ്  ക്യാപ്റ്റന്‍ ഓവേ ഗെഡ്ഡേ  വന്നത്.   അതിനുശേഷം ഏകദേശം നൂറ്റന്‍പതുകൊല്ലം ഡാനിഷ് ഗവര്‍ണറുടേയും മറ്റ്  ഉദ്യോഗസ്ഥന്മാരുടേയും താവളമായിരുന്നു ഇത്. പിന്നീട്  1845 ല്‍ ബ്രിട്ടീഷുകാര്‍  ഇവിടം  സ്വന്തമാക്കുകയായിരുന്നു,ഒന്നേകാല്‍ കോടി  രൂപയ്ക്. അതിനുശേഷമാവണം ജയിലും  തൂക്കുമേടയും  വലിയ പീരങ്കികളും  ഒക്കെ കോട്ടയില്‍  ഇടം പിടിച്ചത്. 

ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ സമൂഹം  കീഴടക്കണമെന്ന്  ഡെന്മാര്‍ക്കിനു ഒരു മോഹമു ണ്ടായിരുന്നുവെങ്കിലും  അത്  ഫലപ്രദമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.  ആ ലക്ഷ്യം നേടാനാണ് തരംഗം പാടിയെ  ട്രാന്‍ക്യുബാറാക്കി  ഡാനിഷുകാര്‍  ഇവിടെ പാര്‍പ്പുറപ്പിച്ചത്.  ബ്രിട്ടീഷുകാരുടെ  ശക്തി വര്‍ദ്ധിച്ചതോടു  കൂടി  ഡെന്മാര്‍ക്കിന്  ആ ലക്ഷ്യം  എന്നേക്കുമായി  മറക്കേണ്ടതായി വന്നു. നേരത്തെ  വന്നു കൂടിയിരുന്ന  പോര്‍ച്ചുഗീസ് പാതിരിമാരുടെ കത്തോലിക്കാ വിശ്വാസത്തില്‍  നിന്നും വ്യത്യസ്തമായ  പ്രോട്ടസ്റ്റന്‍റ് വിശ്വാസവുമായി ബെര്‍തലോമ്യോസ് സീഴെന്‍ബാഗ് എന്നും ഹെന്റിച്ച് പ്ലൂട്ട്ഷോഹ് എന്നും  രണ്ടു പാതിരിമാര്‍  തരം ഗംപാടിയില്‍  സുവിശേഷവേല ആരംഭിച്ചുവെങ്കിലും ആദ്യമൊന്നും  കാര്യമായ  ചലനങ്ങള്‍ സൃഷ്ടിക്കാന്‍  അവര്‍ക്കായില്ല. എങ്കിലും മെല്ലെ മെല്ലെ അവരുടെ  സ്വാധീനം മദ്രാസിലും കടലൂരിലും തഞ്ചാവൂരിലും  എത്തിച്ചേര്‍ന്നു. ഇന്ത്യയിലെ ഏറ്റവും  പഴയ പ്രൊട്ടസ്റ്റന്‍റ്  പള്ളി ഇവിടെയാണുള്ളത്.  ഇന്ന്  പോലും  ദക്ഷിണേന്ത്യയിലെ തമിഴ് ഇവാഞ്ജലിക്കല്‍ ലുഥറന്‍ ചര്‍ച്ച് ബിഷപ്പിന്‍റെ സ്ഥാനപ്പേര്‍  ബിഷപ്പ് ഓഫ്  ട്രാന്‍ക്യുബാര്‍ എന്നു തന്നെയാണ്.  മൊറേവിയന്‍ പാതിരിമാരും ഇറ്റാലിയന്‍ പാതിരിമാരും ഉള്‍പ്പടെ  അനവധി  പേര്‍ ഇവിടെ സുവിശേഷവുമായി വന്നിട്ടുണ്ടത്രെ. 
കോട്ടയില്‍ ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്.  അനവധി ഡാനിഷ് കളിമണ്‍ പാത്രങ്ങളും,  തഞ്ചാവൂര്‍ രാജാവും ഡാനിഷ് ഗവര്‍ണറും തമ്മില്‍  നടത്തിയ കത്തിടപാടുകളും നാണയങ്ങളും വിവിധതരം  ആയുധങ്ങളും മറ്റും  ധാരാളമായി ശേഖരിച്ചു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  കത്തിടപാടുകളില്‍ അന്നത്തെ  നമ്മുടെ ജാതിവ്യവസ്ഥ ഡാനിഷുകാരെ പൊറുതിമുട്ടിച്ചതിന്‍റെ  കഥകളും നമുക്ക് വായിക്കാം. കളിമണ്ണിലും ഗ്ലാസിലും കാണുന്ന  വിവിധ  പാത്രങ്ങളുടേയും മറ്റും സൌന്ദര്യം  പഴയ   പ്രൌഡിയുടെ ഒരെത്തിനോട്ടം നല്‍കുന്നു. പക്ഷെ, എല്ലാ പ്രദര്‍ശന വസ്തുക്കളും  വളരെ  ക്ഷയോന്മുഖമായ രീതിയിലാണ് നിരത്തിവെയ്ക്കപ്പെട്ടിരിക്കുന്നത്....  പലവട്ടം നവീകരിക്കപ്പെട്ടുവെങ്കിലും  കോട്ടയും അങ്ങേയറ്റം പരിതാപകരമായ നിലയില്‍  അവഗണിക്കപ്പെട്ടു  തന്നെയാണ് കിടക്കുന്നത്.  എല്ലാത്തരം തെറിവാക്കുകളാലും ചുവരുകളെ മലിനമാക്കിയിട്ടും ഉണ്ട്.  പോരാത്തതിനു ഒരു  കണ്‍കുരു എന്ന പോലെ  വേദന തോന്നിപ്പിക്കുന്ന ചില സര്‍ക്കാര്‍ അസംബന്ധ നിര്‍മ്മിതികളും കോട്ടയെ  വികൃതമാക്കുന്നു.
തിരകള്‍  ഓരോ തവണയും  കോട്ടയോട് കിന്നാരം പറയുന്നത് കേട്ടുകൊണ്ട്... ഒരു കാലത്ത് തിരക്കു പിടിച്ച ഒരു  തുറമുഖ നഗരമായിരുന്ന  ട്രാന്‍ക്യൂബാറിന്‍റെ  അവശിഷ്ടങ്ങള്‍ക്കിടയില്‍  അലയുന്നതും  ഒരനുഭവമായിരിക്കും. കാരണം അവിടെയുള്ള  ഓരോ  കല്ലും  എന്തെങ്കിലുമൊക്കെ പറയും... പല ഭാഷകളില്‍ പല വേഷഭൂഷാദികളില്‍ പോയ കാലം  മുന്നില്‍  ചുരുള്‍ നിവര്‍ത്തും... കല്ലുകള്‍ പറയാത്ത ബാക്കി കഥകളെ കടല്‍  സൂക്ഷിക്കുന്നുണ്ടാവും... അതു  കേള്‍ക്കാന്‍ മനസ്സുണ്ടാവണമെന്നേയുള്ളൂ. 

നീലത്തലമുടിയും   വെണ്‍നുരത്തൊങ്ങലിന്‍റെ  ഉടുപ്പുമായി  കടല്‍ വിളിക്കുന്നു...  കടലിനോളം വൈവിധ്യപൂര്‍ണമായ  കഥകള്‍ വേറേയാര്‍ക്കു പറയാനാവുമെന്ന് കണ്ണിറുക്കുന്നു.....