Saturday, July 20, 2013

കുറച്ച് സ്ലേറ്റ് വിചാരങ്ങള്‍ ...


https://www.facebook.com/echmu.kutty/posts/176163882562914

( 20 -07 2013 ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് )  

ഇപ്പോള്‍  തീര്‍ത്തും  കാലഹരണപ്പെട്ടു  കഴിഞ്ഞ  ഒന്നാണെന്ന് തോന്നുന്നു  ഞാനൊക്കെ എഴുതാന്‍  പഠിച്ച സ്ലേറ്റ്. സ്ലേറ്റുണ്ടാകുന്നത്  ഒരു  വലിയ വെളുത്ത  മരത്തിലാണെന്ന്  ഞാന്‍ വിചാരിച്ചിരുന്നു. നാലുവശവും  വെളുത്ത  മരച്ചട്ടത്തില്‍ ഉറപ്പിച്ച് ,  സ്ലേറ്റ് കിട്ടിയിരുന്നതാവും  അതിനു  കാരണമെന്ന്  ഇപ്പോള്‍ എനിക്ക്  തോന്നുന്നുണ്ട്.  പുതിയ സ്ലേറ്റ്  ഒരു മുന്നറിയിപ്പുമില്ലാതെ പൊട്ടിപ്പോകുമ്പോള്‍ ...  അതും ഉടച്ചു കഴിഞ്ഞോ എന്ന ചോദ്യമുയരുമ്പോള്‍ സൂക്ഷിക്കണം   എന്ന താക്കീതു  കിട്ടുമ്പോള്‍ അപ്പൊഴൊക്കെയും  ഞാന്‍ വിചാരിക്കും ... ഒരു സ്ലേറ്റ് മരമുണ്ടായിരുന്നെങ്കില്‍... പേരയ്ക്കയും ചാമ്പക്കയും ഒക്കെ  പറിക്കുന്ന മാതിരി ഇഷ്ടം പോലെ സ്ലേറ്റ്  പറിക്കാന്‍ കഴിഞ്ഞെങ്കില്‍... 

ആ മരച്ചട്ടവും ഒരു  കുഴപ്പക്കാരനായിരുന്നു. അതിവേഗമാണ്  ആ ചട്ടത്തിന്‍റെ വെണ്മ മാറി ഒരു തരം  മങ്ങിയ   തവിട്ട്  നിറമാകുന്നത്. ചെളിയൂം വിയര്‍പ്പും ഒക്കെ പറ്റുന്നതാവാം കാരണം.  ചട്ടത്തിന്‍റെ മങ്ങിയ   തവിട്ട്  നിറം  എന്നെ എപ്പോഴും അലോസരപ്പെടുത്തി.  അരമുള്ള  ഒരു ഇലയെ  പരിചയപ്പെട്ടത്  അങ്ങനെയാണ്. പാറോത്തിന്‍റെ  ഇല എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. പാറോത്തിന്‍റെ  ഇലയ്ക്കും ഉണ്ടായിരുന്നു ആവശ്യത്തിനു ഗമ.  പാറോം  താമസിച്ചിരുന്നത്  എപ്പോഴും  കിണറിന്‍റെ  വങ്കുകളിലായിരുന്നു. പ്രാവ് മുട്ടയിടുന്ന,  പൊന്മ  നീലപ്പട്ടുസാരിയുടുത്ത്  സിനിമയ്ക്കോ  കല്യാണത്തിനോ  പോവാനെന്ന മട്ടില്‍,  സൂത്രത്തില്‍  ഇര പിടിക്കാനിരിക്കുന്ന,  വങ്കുകളിലായിരുന്നു പാറോം കുടി പാര്‍ത്തിരുന്നത്. വീട്ടില്‍  മാത്രമല്ല,  അയല്‍വക്കങ്ങളിലെ വീടുകളിലും  അങ്ങനെ തന്നെയായിരുന്നു.  ചുരുക്കത്തില്‍  പാറോത്തിന്‍റെ  ഇലയും  മുതിര്‍ന്നവരുടെ സഹായമില്ലാതെ എളുപ്പത്തില്‍  ലഭ്യമായിരുന്നില്ല.  

കുറെ എഴുതിക്കഴിയുമ്പോള്‍  സ്ലേറ്റ്  നരയ്ക്കും... അക്ഷരങ്ങള്‍  തെളിയാതാകും ... അപ്പോള്‍  സ്ലേറ്റിനെ മഷി  മുക്കാറുണ്ടായിരുന്നു. അതിനു ഒരു മഷിക്കട്ട വാങ്ങണമായിരുന്നു. സ്കൂളിനു മുന്നിലെ  പെട്ടിക്കടയില്‍ ഈ  മഷിക്കട്ട ലഭ്യമായിരുന്നു. മഷിയിട്ടു കഴിഞ്ഞാല്‍  സ്ലേറ്റിനു വീണ്ടും പുതിയതെന്ന പോലെ  കറുപ്പ് നിറം കിട്ടാറുണ്ടായിരുന്നു. മരച്ചട്ടത്തില്‍  മഷിയുടെ കറുപ്പ്  പറ്റുമെന്നതുകൊണ്ട് അന്ന് പാറോത്തിന്‍റെ  ഇലയും  നിര്‍ബന്ധമായും  ആവശ്യമുണ്ടായിരുന്നു. വീട്ടില്‍ ചില്ലറ  മരപ്പണികള്‍ ചെയ്തിരുന്നവരുടെ പക്കലാണ് ഉരക്കടലാസ്സെന്ന  സാന്‍ഡ് പേപ്പര്‍  ഞാനാദ്യം കാണുന്നത്. മരത്തിനും ഇരുമ്പിനും വെവ്വേറേ  ഉരക്കടലാസ്സുകള്‍ ഉണ്ടെന്ന് അവരാണ് പറഞ്ഞു തന്നതും.  അവര്‍  പലപ്പോഴും  എന്‍റെ  സ്ലേറ്റിന്‍റെ മരച്ചട്ടം  ഉരച്ചും  തന്നിരുന്നു.  

സ്ലേറ്റിലെഴുതിയത്  മായ്ക്കാന്‍  മഷിത്തണ്ടെന്ന പളുങ്ക് തണ്ടും പച്ചയിലയുമുള്ള ഒരു ചെടിയുണ്ടായിരുന്നു. മഴക്കാലത്താണ് ആ  ചെടി ഇഷ്ടം പോലെ  മുളച്ചു കണ്ടിട്ടുള്ളത്. മറ്റൊന്ന്  ചണ്ണ എന്ന് വിളിക്കുന്ന ഒരു സുന്ദരന്‍  പൂവുള്ള ചെടിയായിരുന്നു. തൂവെള്ളപ്പൂക്കളുടെ അരികുകളിലെ പാടലവര്‍ണം  അതീവ ചേതോഹരമായിരുന്നു. എന്നാല്‍  ആ ചെടികള്‍ പറിച്ചെടുക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല.  ഓരോ ചെടി പറിയ്ക്കുന്നതും  അതിനോട്  ചെയ്യുന്ന പരമദ്രോഹമാണെന്ന് അമ്മീമ്മ എന്നും  പറയാറുണ്ട്. അത്യാവശ്യമാണെങ്കില്‍  തീര്‍ത്തും അത്യാവശ്യമാണെങ്കില്‍ വേറൊരു മാര്‍ഗവുമില്ലെങ്കില്‍   എന്നായിരുന്നു  ഇക്കാര്യങ്ങളിലെ  അവരുടെ നിലപാട്. 

അതൊരു കാട്ട് ചെടിയല്ലേ എന്നാരെങ്കിലും നിസ്സാരമാക്കിയാല്‍... കാട്ടുചെടിക്കും കാടിനും ഒന്നും ജീവിക്കേണ്ടേ നമ്മള്‍  മാത്രം ഇങ്ങനെ ഥാം  ഥോം ന്ന്  ജീവിച്ചാല്‍ മതിയോ  എന്ന്  അമ്മീമ്മ  ചോദിക്കുമായിരുന്നു. 

ഇന്ന്  അമ്മീമ്മയുടെ നിലപാട് മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെങ്കിലും  അക്കാലത്ത്  അതൊന്നും തീരെ മനസ്സിലായിരുന്നില്ല. എന്താ അമ്മീമ്മ ഇങ്ങനെ എന്ന് വിചാരിക്കാറുണ്ടായിരുന്നു. എങ്കിലും മഷിത്തണ്ടും ചണ്ണയും പറിക്കാനായുമ്പോള്‍ ഒരു  പരിഭ്രമവും കുറ്റബോധവും തിക്കുംപൊക്കും നോക്കലും ഒക്കെ  ഉണ്ടായിരുന്നു. കഴിയുന്നത്ര കുറച്ചു മാത്രമേ  ചെയ്തിട്ടും ഉള്ളൂ.  

പിന്നെ ഉള്ളത്  ഒരു കള്ളിച്ചെടിയാണ്. അത് വീട്ടില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട്  അയല്‍പക്കത്തെ  കുട്ടികള്‍ ആരെങ്കിലും  കാരുണ്യപൂര്‍വം ദാനം ചെയ്താല്‍ മാത്രമേ  അത് കിട്ടിയിരുന്നുള്ളൂ.  കുറെ നാള്‍  നനവൂറി നില്‍ക്കുമെന്നതുകൊണ്ട്  ഒരു കഷ്ണം  കിട്ടിയാല്‍  കാര്യം  കുശാലായിരുന്നു.  ദിവസം ചെല്ലുന്തോറും ആ  കഷണത്തിനു ഒരു  തരം  മണമുണ്ടാകുമെന്ന ഒറ്റക്കുഴപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

കുത്തിവെയ്ക്കാന്‍  വേണ്ട  മരുന്ന് വന്നിരുന്ന  വെളുത്ത  ചെറിയ കുപ്പികളുണ്ടായിരുന്നു അന്നൊക്കെ. അതിനു  റബറിന്‍റെ ഒരടപ്പും  പിന്നെ ടിന്നിന്‍റെ  ഒരു  സീലുമുണ്ടായിരുന്നു.  അച്ഛന്‍  ഒരു  മൈക്രോ മിനി അരം കൊണ്ട് ആ സീല്‍ തുറന്ന് റബര്‍ അടപ്പ് മാറ്റി  കുപ്പിക്കുള്ളിലെ മരുന്ന് സിറിഞ്ചില്‍  എടുക്കുന്നത് ഞാന്‍  അല്‍ഭുതത്തോടെ നോക്കുകയും അതിശയിച്ചു  നില്‍ക്കുകയും ചെയ്തിരുന്നു. കുത്തിവെയ്ക്കുന്നത് വേദനയാണെങ്കിലും സിറിഞ്ചും സൂചിയും  തിളപ്പിക്കുന്നത് മുതലുള്ള  മുന്നൊരുക്കങ്ങള്‍ അച്ഛന്‍ ചെയ്യുന്നത്  നോക്കി  നില്ക്കാന്‍  ഞാന്‍ ഇഷ്ടപ്പെട്ടു .

സഹപാഠിയായ മാധവനാണ് ഒരു ദിവസം ഇതുമാതിരി   വെളുത്ത കൊച്ചുകുപ്പിയില്‍ ഒരു ചെറിയ കുഴല്‍ പിടിപ്പിച്ച് കുപ്പിക്കുള്ളില്‍  വെള്ളം നിറച്ച് ശ് ... ശ്  എന്ന് പീച്ചിക്കൊണ്ട് സ്ലേറ്റ്  മായിക്കുന്ന അല്‍ഭുത വിദ്യയുമായി ക്ലാസ്സില്‍ വന്നത്. എന്തായിരുന്നു മാധവന്‍റെ  അന്നത്തെ  ഒരു ഗമ! അന്നേ ഹിന്ദി അറിയുന്ന കാശ്മീരിലെ പൂഞ്ചില്‍  ജനിച്ച  പത്രാസുകാരനായിരുന്നു  മാധവന്‍. അവന്‍റെ  അച്ഛന്‍ പട്ടാളക്കാരനായിരുന്നു. കുപ്പികള്‍ക്ക്  പഞ്ഞമുണ്ടായിരുന്നില്ലെങ്കിലും ആ റബര്‍ അടപ്പ് തുളച്ച്  അതിലേക്ക്  ഒരു  കഷ്ണം  വയര്‍  ഇറയ്ക്കിവെച്ച്... ( ഓ,  മറന്നു ...  വയറിനുള്ളിലെ ചെമ്പ്  കമ്പികള്‍ വലിച്ചു കളയാനുണ്ടായിരുന്നു... ) അങ്ങനെ  ഒരു കുപ്പി തയാറാക്കാനും എനിക്കൊത്തിരി സമയം ചെലവാക്കേണ്ടി വന്നുവെന്നാണോര്‍മ്മ. കുറെ പിന്നാലെ നടന്ന് കെഞ്ചീട്ടും എന്നെ പരിഗണിക്കാതിരുന്ന മാധവന്‍  എന്‍റെ പക്കലുണ്ടായിരുന്ന റോസാപ്പൂവിന്‍റെ  ഒറിജിനല്‍ ഫോട്ടൊയും പത്തു പതിനഞ്ചു വെളുത്ത കുപ്പികളും  കൊടുത്തപ്പോഴാണ്   ആ അല്‍ഭുത വിദ്യ  എനിക്കും  കൈമാറിയത്.. ...

16 comments:

സേതുലക്ഷ്മി said...

ഈ എച്ച്മൂന്റെ ഒരു കാര്യം.എന്നോ കഴിഞ്ഞുപോയ ആ കാലത്തേക്ക് വെറുതെ കൊണ്ടുപോയി.

സ്ലേറ്റില്‍,50/50 എന്ന ചോക്കുകൊണ്ടുള്ള മാര്‍ക്ക് മായാതിരിക്കാന്‍ ശരീരത്തില്‍ നിന്ന് സ്ലേറ്റ്‌ അകത്തിപ്പിടിച്ചു ഗമയില്‍ നടന്ന ബാല്യം....

ajith said...

എന്തെല്ലാമെന്തെല്ലാമോര്‍മ്മകളാണെന്നോ!!

കാട്ടുചെടിക്കും കാടിനും ഒന്നും ജീവിക്കേണ്ടേ നമ്മള്‍ മാത്രം ഇങ്ങനെ ഥാം ഥോം ന്ന് ജീവിച്ചാല്‍ മതിയോ ‘ ന്ന് ചോദിക്കുന്നരായിത്തീരാം നമുക്കും!

വീകെ said...

പഴയ മഷിത്തണ്ടും കാരക്കയും വിറ്റ് സ്ലേറ്റ് പെൻസിൽ വാങ്ങിയ കാലം ദേ.. കണ്മുന്നിൽ...!
കാരക്കാ.. പെൻസിലേയ്...
മഷിത്തണ്ട്.. പെൻസിലേയ്..

vettathan said...

ഓര്‍മ്മകള്‍ പിന്നോട്ടു കൊണ്ടുപോയ ബ്ലോഗ്. പൊട്ടിപ്പോയ സ്ലേറ്റിന് പകരം പുതിയത് കിട്ടാതെ ഒരു കഷണം സ്ലേറ്റ് ചാക്കു സഞ്ചിയില്‍ ഒളിപ്പിച്ചു കൊണ്ട് നടന്ന കാലം. സ്ലേറ്റ് പൊട്ടിച്ചവന്‍റെ അടക്കം മറ്റ് കുട്ടികളുടെ പരിഹാസം. എല്ലാം മനസ്സിലേക്ക് ഓടി വന്നു.

TOMS KONUMADAM said...

കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ പറമ്പ് മുഴവൻ നോക്കിയിട്ടും മഴിതണ്ട് കിട്ടിയില്ല. മഷിത്തണ്ട്, തൊട്ടാവാടി, പായലിൽ മുളച്ചുവരുന്ന തോട്ടി ഇവയെല്ലാം ഇനി ബാല്യകാലസ്മരണകൾ മാത്രമാണ്. തൊട്ടാവാടി വീട്ടിൽ ചെടി ചട്ടിയിൽ വളര്ത്തുന്നുണ്ട്

Unknown said...

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.ഒരു ദിവസം ഉച്ച കഴിഞ്ഞ പിരീയഡ്.അപ്പുണ്ണി മാഷ്‌ ക്ലാസ്സില്‍ എത്തിയിട്ടില്ല .അപ്പോഴാണ്‌ എന്റെ അടുത്തിരിക്കുന്ന ക്ലാസ്സിലെ ഏറ്റവും സീനിയറായ മമ്മദ്‌ ഒരു അഭ്യാസം കാണിച്ചത്..അവന്റെ സ്ലേറ്റ്‌ നേരെ താഴോട്ടിട്ടു പൊട്ടുന്നില്ല ..പലപ്രാവശ്യം അവന്‍ ഈ അഭ്യാസം കാണിച്ചു..അങ്ങനെ വിരാജിച്ചു നില്‍ക്കുകയാണ്.ഞാന്‍ എന്റെ സ്ലേറ്റ്‌ കൊണ്ട് ഈ അഭ്യാസം നടത്താന്‍ നോക്കുമ്പോള്‍ കഷ്ട കാലം ഉച്ചക്ക് വീട്ടില്‍ പോയി വരുമ്പോള്‍ സ്ലേറ്റ്‌ എടുക്കാന്‍ മറന്നു പോയിരിക്കുന്നു......എന്ത് ചെയ്യും ഇവന്‍ മാത്രം ഇങ്ങനെ ഷൈന്‍ ചെയ്യുന്നത് ശരിയല്ലല്ലോ...
ഭാഗ്യം തൊട്ടടുത്തുള്ള ജലീല്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല.അവന്റെ പുസ്തകങ്ങളുടെ അടിയിലതാ അവന്റെ സ്ലേറ്റ്‌ !!!!!!
ഒട്ടും ആലോചിച്ചില്ല ജലീലിന്റെ സ്ലേറ്റ്‌ എടുത്തു മമ്മദ്‌ ചെയ്തതിലും മുകളില്‍ നിന്നും താഴോട്ടിട്ടു..............................!!!!!!!!!!!!!!!!!!!!
‘ക്ടിക്ക്‌’ .....എന്നൊരു ശബ്ദം .ജലീലിന്റെ സ്ലേറ്റ്നു നടുവിലായി നാല് വര ..എടുത്തപ്പോള്‍ കൃത്യം നാലുകഷണമായി താഴോട്ട് ഉടഞ്ഞു വീണു.സ്ലേറ്റിന്റെ ഫ്രേം(ചട്ട) മാത്രം എന്റെ കയ്യില്‍ ................മമ്മദ്‌ ചിരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുവേന്കിലും എന്റെ കണ്ണ് നിറഞ്ഞു പോയത് കൊണ്ട് ഞാന്‍ അത് കാണുന്നില്ല...
മമ്മദ്‌ എന്നെ സമാധാനിപ്പിച്ചു “ഇഞ്ഞത് ആട തന്നെ വെച്ചേ...... ഓനോട് പറയണ്ട” ഞാന്‍ അവന്‍ പറഞ്ഞത് അനുസരിച്ച് .
അപ്പുണ്ണി മാഷ്‌ വന്നു ക്ലാസ്സ്‌ തുടങ്ങി “പടച്ചോനെ ജലീല്‍ ഇന്ന് വരല്ലേ’ എന്റെ പ്രാര്‍ത്ഥന പടച്ചവന്‍ മൈന്‍ഡ് ചെയ്തില്ല .അടുത്ത നിമിഷം വാതില്‍ക്കല്‍ ജലീല്‍ ...
അപ്പുണ്ണി മാഷ്‌ പറഞ്ഞു “ഇനി കേട്ടെഴുത്ത് ....എല്ലാരും സ്ലേറ്റ് എടുക്ക്”
ഞാന്‍ സ്ലേറ്റ് എടുക്കാന്‍ മറന്നതിലും വലിയ ബേജാറ് ജലീല്‍ ഇപ്പൊ അവന്റെ സ്ലേറ്റ് എടുക്കുമല്ലോ എന്നതിലായിരുന്നു.
അവന്‍ ബുക്കിനടിയില്‍ നിന്നും സ്ലേറ്റ് വലിച്ചെടുക്കുമ്പോള്‍ എന്റെ നെഞ്ചില്‍ മുല്ലപ്പെരിയാറിലും വലുത് എന്തോ പൊട്ടി.
പൊതുവേ ഉണ്ടാക്കണ്ണ്നായ ജലീലിന്റെ കണ്ണുകള്‍ ഒന്ന് കൂടി മുന്നോട്ടു തള്ളി “അള്ളാ ഇന്റെ സ്ലേറ്റ് ഇതാര് പോട്ടിച്ചു ....”അവന്‍ ഇപ്പൊ കരയും എന്ന് തോന്നി...
മമ്മദ്‌ സത്യസന്ധന്‍ ആകുന്നതിനു മുമ്പ് ഞാന്‍ തന്നെ അതായി.സംഗതി പറഞ്ഞു.ഒത്തു തീര്‍പ്പിലെത്തി “ഇഞ്ഞ് മാശോട് പറയണ്ട നാളെ വരുമ്പോ സ്ലേറ്റിന്റെ പൈശ ഞാന്‍ കൊണ്ടാത്തരാ ഇഞ്ഞ് പുതിയത് മാങ്ങിക്കോ”...
തല്‍ക്കാലം കഴിച്ചലായെന്കിലും പുരയില്‍ ഇത് പറയാന്‍ പേടി..പിന്നെയുള്ള ഓരോ ദിവസവും ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍.സംഗതി ജലീല്‍ വിട്ടുവെങ്കിലും നാളില്‍ പഠിക്കുന്ന അവന്റെ ജ്യേഷ്ടന്‍ ഇടയ്ക്കിടെ എന്നെ ഞെട്ടിക്കാന്‍ തുടങ്ങി “ഇഞ്ഞെന്താ സ്ലേറ്റിന്റെ പൈശ കൊണ്ടാത്തരാത്തത് ഞാള് ഉപ്പാനോട് പറഞ്ഞു കൊടുക്കും”..........
എനിക്കറിയാം പള്ളിയില്‍ വെച്ച് ഞാന്‍ ജലീലിന്റെ ഉപ്പാനേ കാണാറുണ്ട്‌ പിന്നെ പള്ളിയില്‍ വെച്ച് അയാളെ കാണുമ്പോള്‍ എന്റെ തൊണ്ട വരളാന്‍ തുടങ്ങി ഒരു കള്ളന്റെ പരുങ്ങള്‍ എന്റെ മുഖത്ത്.
കുറേക്കാലം എന്നെ അലട്ടിയ ഈ പ്രശ്നം ഇന്ന് ആലോചിക്കുമ്പോള്‍ ചിരി വരുന്നു.അന്ന് വീട്ടില്‍ പറഞ്ഞാല്‍ പൈസ കിട്ടുമായിരുന്നല്ലോ...എന്തെ എനിക്ക് തോന്നാഞ്ഞത് ...........കുട്ടിക്കാലത്തിന്റെ ഓരോ വിക്രസ്സുകള്‍ അല്ലെ... എച്ച്മുവിന്റെ ഈ പോസ്റ്റ്‌ ആ പഴയ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി.

കൊമ്പന്‍ said...

പാറോകം ഇന്നത്തെ ക്ലീനിംഗ് ഡിറ്റെര്‍ജെന്റുകളുടെ പഴേ വേര്‍ഷനാ വീട്ടിലെ മരം കൊണ്ടുണ്ടാക്കിയ മേശ കസേര വാതില്‍ കട്ടില തുടങ്ങിയവ ഒക്കെ ക്ലീനാക്കിയിരുന്നു ഇല ദേഹത്ത് തട്ടിയാല്‍ നന്നായി ചൊറിയുകയും ചെയ്യും ഇപ്പൊ ഇതൊക്കെ അപ്രത്യക്ഷമായി .. നോസ്സടിപ്പിച്ചല്ലോ എച്മൂസേ

Aneesh chandran said...

സ്ലേറ്റില്‍ തുടങ്ങി...പഴയ കാലത്തേക്ക്.അവിടെന്നു ഇപ്പോള്‍ എന്തെടുത്താലും അതിനൊരു വംശനാശ ഭീഷണിയുണ്ട്. മഷിത്തണ്ട് ചെടിയൊക്കെ മഴക്കാലത്ത് മുളച്ചാല്‍ ആയി.

അവതാരിക said...

ഒന്നാം ക്ലാസ്സില്‍ പോവാന്‍ വേണ്ടി വാങ്ങിതന്ന ചെറിയ അലുമിനിയപ്പെട്ടിയും സ്ലേറ്റും പെന്‍സിലും പിന്നെ തൊടിയില്‍ നിന്ന് പൊട്ടിച്ചെടുത്ത മഷിതണ്ടും....
ഞങ്ങളൊക്കെ ചെമ്പരത്തി പൂവ് കൊണ്ട് സ്ലേറ്റിൽ ഉരസലാണ്..അപ്പോൾ നല്ല കറുപ്പ് കളർ കിട്ടും ..

ബുക്ക് പൊതിയാന്‍ ഉപയോഗിച്ചിരുന്ന സോവിയെറ്റ് യൂണിയന്‍ വാരികയുടെ പേജുകള്‍ ,,ഇതല്ലാം ഓർമ്മകൾ ആയി ..

ഭാനു കളരിക്കല്‍ said...

സ്ലേറ്റിൽ തെളിയുന്ന കുട്ടിക്കാലങ്ങൾ !!!

ജിമ്മി ജോണ്‍ said...

കയ്യെത്താ ദൂരം ഒരു കുട്ടിക്കാലം!!

സ്ലേറ്റ്, കല്ല് പെൻസിൽ, മഷിത്തണ്ട്.. ഇനിയും തിരികെ കിട്ടാത്ത ആ ബാല്യകാലത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയതിന് നന്ദി..

“കാട്ടുചെടിക്കും കാടിനും ഒന്നും ജീവിക്കേണ്ടേ നമ്മള്‍ മാത്രം ഇങ്ങനെ ഥാം ഥോം ന്ന് ജീവിച്ചാല്‍ മതിയോ“ - അമ്മീമ്മയ്ക്ക് കൂപ്പുകൈ..

Vinodkumar Thallasseri said...

മറവിയുടെ സ്ളേറ്റ്‌, ഓര്‍മ്മകളുടെ മഷിത്തണ്ട്‌.

Cv Thankappan said...

ഓര്‍മ്മകളില്‍ സ്ലേറ്റും പെന്‍സിലും....
ഹൃദ്യമായിരിക്കുന്നു രചന.
ആശംസകള്‍

Pradeep Kumar said...

ഇതു മുഴുവന്‍ എന്റെയും സ്ലേറ്റ് ഓര്‍മ്മകള്‍ , സ്കൂളിലു മുന്നിലെ പെട്ടിക്കടയിലെ മഷിക്കട്ടയും, പാറോത്തിന്റെ ഇലയും,നിറം മങ്ങാറുള്ള ചട്ടയും, ചെറിയ കുപ്പിയും, അതിന്റെ അടപ്പും എല്ലാം എല്ലാം കൃത്യമായും എന്റെ ബാല്യമാണല്ലോ....

Muralee Mukundan , ബിലാത്തിപട്ടണം said...

കള്ളി
കൊതിപ്പിച്ചു ...!

സ്ലേറ്റ് മാക്കുന്ന കള്ളിയും ,ഇതെഴുതിയ കള്ളിയുമാണ് കേട്ടൊ ഞാനുദ്ദേശിച്ചത് ...!

© Mubi said...

സ്ലേറ്റ് വീണ്ടും സ്കൂളിന്റെയും മദ്രസ്സയുടെയും മുന്നിലെത്തിച്ചു. മഷിത്തണ്ടും കണ്ണീരും കൂട്ടി മായിച്ചു കളഞ്ഞ കുറെ ഓര്‍മ്മകള്‍ വീണ്ടും....