Thursday, January 28, 2010

കുരുടിപ്പാട്ടി

തന്റെ അച്ഛന്റെ ഏക മകളായാണ് കുരുടിപ്പാട്ടി ജനിച്ചത്.

ജനിച്ചപ്പോൾ കുരുടിയായിരുന്നില്ല.

വയസ്സായി വിധവയായപ്പോഴാണ് കാഴ്ച നഷ്ടപ്പെട്ടത്.

അവർക്ക് മക്കളുണ്ടായിരുന്നില്ല. അതുകൊണ്ട്, പാട്ടിയുടെ ഭർത്റു സഹോദരന്റെ ഒരു മകനെ അവർ ദത്തെടുത്ത്, ഓമനിച്ച് വളർത്തി.

പാട്ടിയ്ക്ക് ആ മകനെന്ന് വെച്ചാൽ പ്രാണനായിരുന്നു, അവനെ കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ വായിൽ തേനും പഞ്ചസാരയും ഒഴുകിയിരുന്നു.

മകനും നല്ല മിടുക്കൻ തന്നെ. മുതിർന്നപ്പോഴേയ്ക്കും ധനം സമ്പാദിക്കാനാവശ്യമായ എല്ലാ വിദ്യകളും അവൻ പഠിച്ചു, അവന്റെ പ്രയത്നം കൊണ്ട് സമ്പത്തും ഐശ്വര്യവും നാൾക്ക് നാൾ വർദ്ധിച്ചു വന്നു.

പക്ഷെ, വയസ്സാകും തോറും കുരുടിപ്പാട്ടി അവരുടെ മകന് അധികപ്പറ്റായി മാറി. ‘അമ്മേ‘ എന്നു കൊഞ്ചി വിളിച്ചവൻ പിന്നീട് ഒന്നും വിളിക്കാതെയായി, കുറച്ച് കഴിഞ്ഞപ്പോൾ ‘കുരുടി‘ എന്ന് വിളിക്കാൻ അവന്റെ നാവുയരുകയും ചെയ്തു.

മകനെ സ്നേഹിക്കാൻ അവന്റെ ഭാര്യയും മക്കളും സദാ തയാറായിരിക്കേ, വളർത്തമ്മയെ അവന് വേണ്ടാതായതാകാം. സ്വന്തം എന്ന വികാരത്തിന്റെ വ്യാപ്തി അത്ര മേൽ വലുതായതു കൊണ്ടായിരിക്കാം.

പാട്ടിയുടെ അന്ധമായ മിഴികളിലൂടെ സദാ കണ്ണീരൊഴുകിക്കൊണ്ടിരുന്നു. എങ്കിലും പാട്ടിയ്ക്ക് മകനെ വെറുക്കാൻ കഴിഞ്ഞില്ല, അവനെ തേടി അവർ പൂമുഖത്തേക്കും ഊൺ തളത്തിലേക്കുമായി ദിവസം മുഴുവൻ പ്രാഞ്ചി നടന്നു, അവന്റെ ശബ്ദം ചെവിയിൽ വീഴുമ്പോൾ അവരുടെ അന്ധനേത്രങ്ങൾ വികസിച്ചു. അവന്റെ പരിസരത്തു തന്നെ കഴിയാൻ അവർ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷെ, ആ മകനാകട്ടെ അവരെ ഒരു കരടു പോലെ എടുത്തു കളയുകയുമായിരുന്നു.

ദോഷം പറയരുതല്ലോ, മരുമകൾ ദയയുള്ളവളായിരുന്നു, പലപ്പോഴും അവൾ സ്വന്തം ഭർത്താവിനെ തിരുത്താൻ ശ്രമിച്ചു. പക്ഷെ, പെൺ ചൊല്ലു കേട്ട് പെരുവഴിയിലാകാൻ പാടില്ലല്ലോ മിടുക്കന്മാരായ പുരുഷന്മാർ. അതുകൊണ്ട് മരുമകളുടെ ഒരു ശ്രമവും വിജയിച്ചില്ല.

പാട്ടി മകന്റെ ഭാര്യയേയും മക്കളേയും ഒരു കുറവുമില്ലാതെ സ്നേഹിച്ചു, അവർക്കതു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. എങ്കിലും മകന്റെ മക്കൾ തരം കിട്ടുമ്പോഴെല്ലാം അവരെ ‘കുരുടിപ്പാട്ടി‘ എന്നു തന്നെ വിളിച്ചു പോന്നു.

പാട്ടി തീർത്തും അവശയും രോഗിണിയുമായിക്കഴിഞ്ഞപ്പോൾ, മകന്റെ അസഹ്യത പർവതത്തെപ്പോലെ വലുതായി, അവർക്കു വേണ്ടി ചെലവാക്കേണ്ടി വരുന്ന ഓരോ തുട്ടിന്റെ പുറത്തും അവൻ ഭൂതാവേശിതനെപ്പോലെ തുള്ളിക്കൊണ്ടിരുന്നു.

ഒടുവിൽ ഒരു രാത്രിയിൽ, ‘ഞാൻ സമ്പാദിച്ച പണമെല്ലാം തുലയ്ക്കാതെ ഒന്നു വേഗം ചത്തു കൂടെ കുരുടിക്ക്‘ എന്ന് ക്രുദ്ധനായ പാമ്പിനെപ്പോലെ ആ മകൻ ചീറി.

കുരുടിപ്പാട്ടി പിറ്റേന്ന് ഉച്ചയായപ്പോൾ മരിച്ചു, അവസാനമായി അവരുച്ചരിച്ചത് ആ മകന്റെ പേരായിരുന്നു.

Thursday, January 21, 2010

റെഡി അത്താൻ

https://www.facebook.com/echmu.kutty/posts/514937792018853

https://www.facebook.com/echmu.kutty/posts/1112025695643390

അത്താൻ എന്ന തമിഴ് വാക്കിന്റെ അർഥം അമ്മായിയുടെ മകൻ അല്ലെങ്കിൽ മുറച്ചെറുക്കൻ എന്നൊക്കെ ആകാമെങ്കിലും ഗ്രാമീണർക്ക് അതൊരു പ്രശ്നമേ ആയിരുന്നില്ല. അദ്ദേഹത്തെ എല്ലാവരും റെഡി അത്താൻ എന്നു വിളിച്ചു. താഴ്ന്ന ജാതിക്കാരാണ് വിചിത്രമായി സംബോധന ചെയ്തത്, റെഡി അത്താൻ തമ്പ്രാൻ.

ആരെങ്ങനെ വിളിച്ചാലും അത്താന് സന്തോഷം തന്നെ. വിളിച്ചാലുടനെ വിളി കേൾക്കുകയും എന്തു ജോലിക്കും എപ്പോഴും ‘റെഡി‘യായിരിക്കുകയും ചെയ്യുകയെന്നതായിരുന്നു അത്താന്റെ പ്രത്യേകത. പിന്നെ എന്താ പ്രധാന ജോലിയെന്നു ചോദിച്ചാൽ, ങാ, അതു തന്നെ ‘ശമയൽ’, പാചകം. അത്താൻ ഒരു നളനായിരുന്നു. എന്തുണ്ടാക്കിയാലും അതിൽ രുചി എന്നൊരു അവസാന ചേരുവ കൂടി ഇടാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഭക്ഷിച്ചവരെല്ലാം വിരലുകൾ നക്കിയും, കുമ്പ കുലുക്കിയും, ഏമ്പക്കം വിട്ട് എണീറ്റ് പോകുന്നത് കാണാൻ അത്താൻ ഇഷ്ടപ്പെട്ടു.

‘വായ് വാഴ്ത്തലേന്നാലും വയറു വാഴ്ത്തുമേ‘ എന്നൊരു പഴം ചൊല്ലും അപ്പോഴെല്ലാം കണ്ണിറുക്കിക്കൊണ്ട് അത്താൻ പറഞ്ഞിരുന്നു.

അല്പം കൂനുള്ള മെലിഞ്ഞ ശരീരമായിരുന്നു അദ്ദേഹത്തിന്റേത്. ധാരാളം ഭസ്മവും വാരിത്തേച്ച് കുടുമ കെട്ടിവെച്ച് ചില തമിഴ് പാട്ടുകളും മൂളിയാണ് അത്താൻ നടന്നിരുന്നത്. വളരെ സന്തുഷ്ടനായി മാത്രമേ അദ്ദേഹത്തെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

അത്രയ്ക്ക് സന്തോഷിയ്ക്കാൻ എന്താണ് അത്താന് ഉണ്ടായിരുന്നത്?

പഠിപ്പ് തീരെ ഉണ്ടായിരുന്നില്ല.

ശമയൽ മാത്രമാണ് ആകെ അറിയാവുന്ന ഒരു തൊഴിൽ.

അത്യുച്ചത്തിൽ മാത്രം സംസാരിക്കുന്നവളും (സ്വകാര്യം പറഞ്ഞാലും നാലാൾ കേൾക്കും) നല്ല തീറ്റി പ്രിയയുമായ ഭാര്യ. ഭാഗ്യമായാലും നിർഭാഗ്യമായാലും പൊന്നു അക്കാ പ്രസവിച്ചുമില്ല.

സാമാന്യം ഭേദപ്പെട്ട തോതിലുള്ള ദാരിദ്ര്യം.

പറയുമ്പോൾ എല്ലാം പറയണമല്ലൊ. അത്താന് ഇത്തിരി പറമ്പും അതിലൊരു ചെറിയ മൺ വീടും ഉണ്ടായിരുന്നു.

അങ്ങനെയുള്ള അത്താൻ എപ്പോഴും സന്തോഷത്തോടെയും പൂർണ ത്റുപ്തിയോടെയും മാത്രം എല്ലാവരോടും ഇടപെട്ടു. അദ്ദേഹത്തോടു സംസാരിക്കുമ്പോൾ എല്ലാവരേയും സന്തോഷത്തിന്റെ ഒരല വന്നു തൊട്ടുകൊണ്ടിരുന്നു.

വയസ്സായെങ്കിലും സുമംഗലിയായാണ് പൊന്നു അക്കാ മരിച്ചത്. ഒരു ബ്രാഹ്മണ സ്ത്രീക്ക് അതിൽക്കൂടുതൽ എന്തെങ്കിലും അനുഗ്രഹം ദൈവം കൊടുക്കേണ്ടതുണ്ടോ?

റെഡി അത്താന് വയസ്സുകാലത്ത് ഒറ്റയ്ക്ക് കഴിയാനായിരുന്നു യോഗം എന്നു കൂട്ടിയാൽ മതി. ആരോടും പരാതിയും പരിഭവവും ഇല്ലാതെ അത്താൻ കഴിഞ്ഞു വരുമ്പോഴാണ് ആ സംഭവം ഉണ്ടായത്.

പൊന്നു അക്കാവിന്റെ അനുജത്തിയുടെ മകൾക്ക് ഒരു വിവാഹാലോചന വന്നു.

ഉദ്യോഗസ്ഥനായ ബ്രാഹ്മണ യുവാവ്. വില്ലേജ് ഓഫീസിൽ അസിസ്റ്റന്റായ പയ്യന് നല്ല വരദക്ഷിണയ്ക്കാണോ പഞ്ഞം? അവനെ കിട്ടുക എന്നു പറഞ്ഞാൽ അതില്പരം ഒരു ഭാഗ്യം ഇനി സംഭവിക്കാനുണ്ടോ? ഇല്ല. അപ്പോൾ അവർ ചോദിക്കുന്ന വരദക്ഷിണയും, ആഭരണങ്ങളും പട്ട് പുടവകളും വെള്ളിപ്പാത്രങ്ങളും എല്ലാം കൊടുത്ത് പയ്യനെ സ്വന്തമാക്കണം.

പറഞ്ഞാൽ മതിയോ? എവിടുന്നാണിതെല്ലാം എടുത്ത് കൊടുക്കേണ്ടത്?

പൊന്നു അക്കാവിന്റെ അനുജത്തിക്കും ഭർത്താവിനും അങ്ങനെ വരുമാനമൊന്നുമില്ല. സന്താനമായി ഈ ഒരു പെൺകുട്ടിയേ ബാക്കി ഉള്ളൂ എന്നതാണ് മഹാഭാഗ്യം. സുന്ദരി കുറെ പ്രസവിച്ചുവെങ്കിലും കുട്ടികൾ പല കാരണങ്ങൾ കൊണ്ട് ജീവിച്ചില്ല. ജീവിച്ചിരുന്നെങ്കിൽ എന്തു ചെയ്തേനെ എന്നും ആർക്കുമറിയില്ല.

സുന്ദരിയുടെ ഭർത്താവിനെ ഗ്രാമീണർ ‘വെളിച്ചെണ്ണ സ്വാമി‘യെന്ന് വിളിച്ച് പോന്നു. വെളിച്ചെണ്ണ കച്ചവടം ചെയ്തിട്ട് കിട്ടിയ പേരൊന്നുമല്ല അത്. സ്വാമിയുടെ വഴുവഴുപ്പൻ ചിരിയും കുഴി മടിയും കൂടിയായപ്പോൾ ആ പേരു പതിഞ്ഞുവെന്നു മാത്രം. രാവിലെ എഴുന്നേറ്റ് വാടക വീടിന്റെ വരാന്തയിൽ അങ്ങനെ വെറുതെ ഇരിക്കാനായിരുന്നു സ്വാമിക്കിഷ്ടം. വൈകുന്നേരം വരെ അങ്ങനെ ഇരിക്കാൻ ആ ബ്രാഹ്മണന് ഒരു വിഷമവും ഉണ്ടായിരുന്നില്ല. ജീവിതത്തിൽ ഒരു തൊഴിലും ഒരിക്കലും സ്വാമിക്ക് ചെയ്യേണ്ടി വന്നതുമില്ല. അവസാനിക്കാൻ സമയമെടുക്കുന്ന ഏത് പ്രശ്നത്തിനും ‘കോന്തസ്സാമീടെ ഇരിപ്പു പോലെ‘ എന്നൊരു ശൈലി ഗ്രാമത്തിലുണ്ടായതങ്ങനെയാണ്.

സുന്ദരി മുറുക്ക് ചുറ്റുവാൻ പോയി. പലഹാരങ്ങളുണ്ടാക്കാൻ സഹായിച്ചു. പല ബ്രാഹ്മണ സ്ത്രീകളുടേയും പ്രസവശുശ്രൂഷ ചെയ്തു. ഒടുവിലൊടുവിൽ കാശുകാരായ നായർ സ്ത്രീകൾക്കും സുന്ദരിയുടെ ശുശ്രൂഷ ലഭ്യമായിരുന്നു. ചിലർക്ക് പാചകം ചെയ്തു കൊടുത്തു. എവിടെ സൌജന്യ ഭക്ഷണമുണ്ടെന്ന് കേട്ടാലും അവിടെയെല്ലാം ഹാജരായി. അങ്ങനെ ഒരു ജീവിതമാണ് അവർ നയിച്ചത്. മകളെ സ്കൂളിൽ വിട്ടിരുന്നുവെങ്കിലും ദാരിദ്ര്യം കൊണ്ട് അധികം വൈകാതെ പഠിപ്പ് മതിയാക്കേണ്ടി വന്നു. പത്തു വയസ്സാകുമ്പോഴേക്കും മുറുക്ക് ചുറ്റുവാനും ലഡ്ഡു ഉരുട്ടുവാനും ജിലേബി പിഴിയുവാനുമൊക്കെ മകൾ പഠിച്ച് കഴിഞ്ഞിരുന്നു.

അവൾ മുതിർന്നപ്പോൾ സുന്ദരിക്ക് വലിയ സഹായമായിത്തീർന്നു. ഒരു പാത്രം ചോറും രണ്ട് പച്ചമുളകും കുറച്ച് മോരും കഴിച്ച് പകലൊടുങ്ങുവോളം പണി ചെയ്യുവാൻ അവൾക്ക് കഴിഞ്ഞിരുന്നു. റെഡി അത്താന്റെ പാചകത്തിനും അവൾ എല്ലാ സഹായവും ചെയ്തു പോന്നു.

അവളുടെ കല്യാണം വിളിക്കാൻ റെഡി അത്താൻ തന്നെയാണ് പോയത്.

ആർക്കും വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

‘എല്ലാം നന്നാ നിനച്ചയാ? വര ദക്ഷിണ കുടുക്ക ഉന്നാലെ എപ്പടി മുടിയും?‘ എന്ന് എല്ലാവരും ചോദിച്ചപ്പോൾ അത്താൻ ചിരിച്ചു, നിറഞ്ഞ ചിരി. അതീവ നിഷ്കളങ്കമായ ചിരി.

കാര്യം ഇത്രയേയുള്ളൂ.

അത്താൻ തന്റെ എല്ലാ അവകാശങ്ങളുമൊഴിഞ്ഞ്, സ്വന്തം വീടും പറമ്പും ആ പെൺകിടാവിന്റെ പേർക്ക് എഴുതിക്കൊടുത്തു. അങ്ങനെയാണ് കല്യാണം തീരുമാനമായത്.

ഒരു നേരം ഊണു കിട്ടുന്ന ഏതെങ്കിലും അമ്പലത്തിൽ ചെന്ന് ഭജന പാടിക്കൊണ്ട് ശിഷ്ട ജീവിതം കഴിക്കാമെന്ന ആത്മവിശ്വാസം അത്താനുണ്ട്.

അതിൽ കൂടുതൽ ഒന്നും അത്താന് ആവശ്യമുണ്ടായിരുന്നില്ലല്ലോ.

Wednesday, January 13, 2010

അച്ഛമ്മ

കുട്ടിയെ കാണാനാണ് അച്ഛമ്മ വന്നത്.

ക്ലാസ്സ് ടീച്ചർ കുട്ടിയെ വരാന്തയിലേക്ക് പറഞ്ഞയച്ചു.

അച്ഛമ്മ കുട്ടിയെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്തപ്പോൾ കുട്ടി വെറുതെ നിന്നതേയുള്ളൂ. ഇതിനു മുൻപ് എന്നാണ് അച്ഛമ്മ ഇങ്ങനെ സ്നേഹിച്ചിട്ടുള്ളതെന്ന് ഓർക്കുകയായിരുന്നു കുട്ടി.

അച്ഛമ്മ കുട്ടിയ്ക്ക് ഒരു വലിയ ബാർ ചോക്ലേറ്റ് നീട്ടി.

കുട്ടിയുടെ തലയിൽ തടവിക്കൊണ്ട് അച്ഛമ്മ പറഞ്ഞു.

‘നിന്റ്മ്മയോട് പറയ്, നിന്നെ ശനിയും ഞായറും അച്ഛമ്മേടേ വീട്ട്ല് കൊണ്ട് വിടാൻ. നീ വാശി പിടിച്ചാ മതി.  തിങ്കളാഴ്ച അവിടന്ന് കാറില് ഇബടെ സ്കൂളിലാക്കിത്തരാം.‘

കുട്ടി തലയാട്ടാതെ നിന്നു.

അച്ഛൻ പകലൊക്കെ അച്ഛമ്മയുടെ വീട്ടിലായിരുന്നു താമസം. അച്ഛന് ഓഫീസിലും സ്കൂളിലും എവിടെയും പോകേണ്ട കാര്യവുമില്ലായിരുന്നു. അമ്മ ജോലിക്ക് പോകാൻ തുടങ്ങിയപ്പോഴാണ് അച്ഛനും അമ്മയും തമ്മിൽ വലിയ വഴക്കുകളാരംഭിച്ചതെന്ന് കുട്ടി മനസ്സിലാക്കിയിരുന്നു. ‘അമ്മയ്ക്ക് വാവ മാത്രമേ ഉള്ളൂ‘ എന്ന് അമ്മ കരഞ്ഞുകൊണ്ട് എപ്പോഴും പറയാറുള്ളത് കുട്ടി ഓർമ്മിച്ചു.

വൈകുന്നേരം അമ്മ ജോലി കഴിഞ്ഞ് വരുമ്പോഴാണ് അച്ഛൻ വഴക്ക് തുടങ്ങുന്നത്. നേരം വൈകിയെന്നും ട്രെയിനിൽ ആരുടെയൊപ്പമാണിരുന്നതെന്നും പറഞ്ഞായിരിക്കും എന്നും തുടക്കം. ആ നേരത്തായിരിക്കും ആരെങ്കിലും അമ്മയെ ഫോണിൽ വിളിക്കുന്നത്. അത് രഹസ്യക്കാരനാണെന്ന് പറഞ്ഞ് വഴക്ക് വലുതാകും. രഹസ്യക്കാരൻ എന്നു വെച്ചാലെന്താണെന്ന് കുട്ടി ആരോടും ഇതു വരെ ചോദിച്ചിട്ടില്ല.

എന്തൊക്കേയോ ഭയങ്കര കുഴപ്പങ്ങൾ വീട്ടിലുണ്ടായിട്ടുണ്ടെന്ന് കുട്ടിയ്ക്ക് മനസ്സിലായിട്ടുണ്ട്. അമ്മയും അച്ഛനും തമ്മിൽ വലിയ വഴക്കാണെന്നും അച്ഛൻ വീട്ടിൽ വരാറില്ലെന്നും കുട്ടിയ്ക്കറിയാം. കുട്ടി അമ്മയുടെ കൂടെയാണിപ്പോൾ. അമ്മ ഏതോ അങ്കിളിന്റെ ഒപ്പമാണ് താമസിക്കുന്നതെന്നാണ് അച്ഛൻ അയല്പക്കത്തെ വീടുകളിലും കുട്ടിയുടെ സ്ക്കൂളിലെ സിസ്റ്ററോടും അരിക്കടയിലെ ചേട്ടനോടും ഒക്കെ പറഞ്ഞത്.

അച്ഛമ്മ കുട്ടിയെ സ്വന്തം ശരീരത്തോട് അടുപ്പിച്ച് നിറുത്തി കൊഞ്ചിച്ചു. “നീയിങ്ങനെ അമ്മേടടുത്ത് മാത്രായാൽ പറ്റോ? നിനക്ക് അച്ഛനേം വീട്ട്കാരേം ഒന്നും വേണ്ടേ? നിന്റെ അമ്മ നെന്നെ പെറ്റൂന്നെ ഇള്ളൂ, നിന്റെ അപ്പീം മൂത്രോം ഒക്കെ കോരീതും നോക്കീതും ഒക്കെ അച്ഛനാ. അമ്മ നെനക്ക് മൊലപ്പാലും കൂടി തന്ന്ട്ടല്ല്യാ അറ്യോ? ന്ന്ട്ട് നീയിങ്ങനെ അമ്മേടേം അമ്മേടെ കൂട്ട്ക്കാര്ടേം കൂടെ കൂട്യാലോ. മനിഷേമ്മാർക്ക് അച്ഛ്നാ വലുത്, അമ്മേല്ല മൻസ്സിലായോ?’

കുട്ടിയ്ക്ക് ഒന്നും മനസ്സിലായില്ല. അച്ഛമ്മയ്ക്ക് എന്താണു വേണ്ടത് ആവോ? അവർ തന്ന ചോക്ലേറ്റ് ബാർ ക്ലാസ്സിലെല്ലാവർക്കും കൊടുക്കണമെന്ന് കുട്ടി വിചാരിച്ചതായിരുന്നു. പക്ഷെ ഇപ്പോൾ കുറേശ്ശെ ബോറടിക്കുന്നുണ്ട്.

‘നീയെന്താ ഒന്നും മിണ്ടാണ്ട് കൂമന്റെ പോലെ?’ അച്ഛമ്മയ്ക്ക് ദേഷ്യം വരുന്നുണ്ടെന്ന് തോന്നിയപ്പോൾ കുട്ടി ചിരിച്ചു.

‘ആ അതന്നെ അങ്ങനെ ചിരിക്കാ, നീയിങ്ങട് വന്നേ, അച്ഛമ്മ ചോദിയ്ക്കട്ടെ, രാത്രി അമ്മ നിന്റടുത്താ ഒറക്കം? അങ്കിള് വരുമ്പളും നിന്റടുത്ത് വരോ അമ്മ? എന്നും വരോ അങ്കിള്?’

കുട്ടി അപ്പോൾ വായ തുറന്നു.

‘ഏത് അങ്കിള്? വീട്ട്ല് ഒരങ്കിളും വരാറില്ല്യ.‘

‘നീയ് നിന്റമ്മേടെ വീട്ട്കാര്ടെ പോലെ നൊണ പറ്ഞ് പഠിക്കണ്ട. അങ്കിൾ വരണതൊക്കെ അച്ഛമ്മ അറീം. നിന്റെ അച്ഛനും അറീം. പിന്നെ വരണില്ലാന്ന് നീ എന്തിനാ പറേണ്? നൊണ പറഞ്ഞാ ദൈവം ശപിക്കും’.

കുട്ടി ആലോചിക്കുകയായിരുന്നു, ഏതങ്കിളാണ് അങ്ങനെ വീട്ടിൽ വരുന്നത്? എപ്പോഴാണ് വരുന്നത്? എന്തിനാണ് വരുന്നത്?

കുട്ടിയ്ക്ക് വയറു വേദനിക്കുന്നത് പോലെയുണ്ടായിരുന്നു .

ടീച്ചർ വരാന്തയിലേക്ക് വന്നപ്പോൾ അച്ഛമ്മ മനോഹരമായി ചിരിച്ചു, കുട്ടിയെ അമർത്തിപ്പിടിച്ചു കൊണ്ട് ടീച്ചറോട് പറഞ്ഞു, ‘എനിക്ക് കണ്ടു മതിയായില്ല, പോവാണ്ട് പറ്റ്ല്യാല്ലോ, അതോണ്ട് പോവാ‘.

സ്വന്തം ഭർത്താവിന്റെ തണലിൽ ജീവിക്കുന്ന ടീച്ചർക്ക് ആ വയസ്സിയോട് പാവം തോന്നി, എന്തിനാണ് സ്ത്രീകൾ ഭർത്താക്കന്മാരുമായി പിണങ്ങുന്നത്? അയാളുടെ വീട്ടുകാരേയും കുഞ്ഞിനേയും ബുദ്ധിമുട്ടിയ്ക്കാനോ?

ബെല്ലടിക്കുന്നതും കാത്ത് വേദനിക്കുന്ന വയറുമായി കുട്ടി ക്ലാസ്സിലിരുന്നു.

Friday, January 1, 2010

പ്രഭാതത്തിലാണ് പ്രസവ വേദന വരേണ്ടത്

ഞാൻ ഗർഭം ധരിച്ചത് ഒരു ജനുവരി മാസത്തിലായിരുന്നു.

വളരെ അസുഖകരമായ ഗർഭകാലമാണ് എനിക്കുണ്ടായിരുന്നത്. ഇതിനൊന്നും തുനിയരുതായിരുന്നുവെന്ന് അക്കാലത്ത് പലവട്ടം പശ്ചാത്തപിച്ചിട്ടുണ്ട്.

കാരണം അദ്ദേഹത്തിന് എന്റെ ഗർഭം തീരെ ആവശ്യമില്ലാത്തതായിരുന്നു; ‘നിന്റെ നിർബന്ധമാണിത്‘ എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ചെറിയ കണ്ണുകൾ അനാവശ്യമായി തിളങ്ങി; അത് സ്നേഹത്തിന്റെ തിളക്കമായിരുന്നില്ല. ആ നിമിഷത്തിൽ എന്റെ കുഞ്ഞിന് അച്ഛനില്ലാതായി.

മടുപ്പിന്റെയും അസഹ്യതയുടേതുമായ ചുട്ട നോട്ടങ്ങളിൽ ഞാൻ എരിഞ്ഞു തീർന്നു.

ലജ്ജയില്ലായ്മ കൊണ്ട് മാത്രമാണ് ഞാൻ ആ കാലത്തെ അതിജീവിച്ചത്. ആണിന്റെ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഏതൊരു പെണ്ണിനും ഈ നാണമില്ലായ്മയും, അഭിമാനക്കുറവുമെല്ലാം വളരെ സഹജമായ കുപ്പായങ്ങളാണെന്ന് അന്നെനിക്കറിഞ്ഞുകൂടായിരുന്നു. പിന്നീട് അതെന്റെ രണ്ടാം തൊലി പോലെയായിത്തീർന്നു. നിന്ദാപമാനങ്ങളും തിരസ്കാരങ്ങളും മർദ്ദനങ്ങളും എനിക്ക് ഒരു വിഷയമേയല്ലാതായി. പതിവുകൾ ആരേയും അലോസരപ്പെടുത്തുകയില്ലല്ലോ.

ഗർഭ കാലത്തെ അസ്വസ്ഥതകൾ എന്റെ വെറും ഭാവനയാണെന്ന് അദ്ദേഹം വിശ്വസിച്ചു, ഛർദ്ദിയും ഭക്ഷണത്തോടുള്ള വൈമുഖ്യവും ചില ഭക്ഷണങ്ങളോടുള്ള ആർത്തിയും എല്ലാം അദ്ദേഹത്തിന് വെറുപ്പു മാത്രമേ ഉണ്ടാക്കിയുള്ളൂ. അദ്ദേഹത്തിന് പരിചയമുള്ള സ്ത്രീകൾക്കൊന്നും ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നില്ല. അവർ നല്ല നല്ല ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി ആർത്തിയോടെ ഭക്ഷിച്ചു, അവരുടെ ശരീരങ്ങൾ കൊഴുത്തു മിനുത്തു. അവരിൽ പ്രസവത്തിനു എത്രയോ മുൻപേ അമ്മത്തം ഒരു ദൈവാനുഗ്രഹമായി നിറഞ്ഞു തുളുമ്പാൻ തുടങ്ങി.

പൂർണ്ണമായ സ്ത്രീത്വമുള്ള സ്ത്രീകൾ എന്റെ അസ്വസ്ഥതകളെ വെറും തമാശയായി മാത്രമേ കാണുകയുള്ളൂ എന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. അവർക്കെല്ലാം അത് അത്രമേൽ സ്വാഭാവികമായ ഒരു കാര്യമാണെന്നും വയർ വലുതാകുമ്പോഴാണ് അവർ ഗർഭിണികളാണെന്നു തന്നെ അവരറിയുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അത്ര സൌഭാഗ്യവതികളായ സ്ത്രീകളെ ഓർമ്മിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.

ഞാൻ മെലിഞ്ഞു വിളർത്തു. ഭക്ഷണം എന്നെ തെല്ലും മോഹിപ്പിച്ചില്ല. അമ്മത്തം എന്നിൽ പേരിനു പോലും തെളിഞ്ഞില്ല. എന്റെ ശരീരം ആഹാര ദാരിദ്ര്യത്താൽ വളർച്ചയെത്താത്ത ഒരിരുപതുകാരിയെപ്പോലിരുന്നു. എനിക്ക് കൂടെക്കൂടെ ശ്വാസം മുട്ടലുണ്ടായി, വീട്ട് ജോലികൾ പോലും ചെയ്യാനാകാതെ വിഷമിക്കേണ്ടി വന്നു. ആരോഗ്യവതിയായ ഒരു സ്ത്രീയുടെ പുരുഷനാകുന്നത് എത്ര വലിയ സൌഭാഗ്യമാണെന്ന് അദ്ദേഹം എന്നും എന്നോട് പറഞ്ഞു പോന്നു. ചിരിക്കുന്ന മട്ടിൽ ചുണ്ടുകൾ അകത്തി പല്ലുകൾ വെളിയിൽ കാണിക്കുവാൻ മാത്രമേ അപ്പോഴെനിക്ക് കഴിഞ്ഞിരുന്നുള്ളൂ. വീട്ടു ജോലികൾ ഭംഗിയായി ചെയ്യുന്നവരും ഗർഭിണികളും ഉദ്യോഗസ്ഥകളുമായ സ്ത്രീകളെ അദ്ദേഹം എല്ലായ്പോഴും എനിക്ക് ചൂണ്ടിക്കാണിച്ചു തന്നു.

ഞാൻ പ്രസവിക്കുന്ന കുഞ്ഞ് ബുദ്ധി കുറഞ്ഞും വളർച്ചയെത്താതെയും ജനിക്കുമെന്നും അത് ഒരു വലിയ കുരിശായിത്തീരുമെന്നും അങ്ങനെ സംഭവിക്കുന്നത് എന്റെ മാത്രം കുഴപ്പം കൊണ്ടായിരിക്കുമെന്നും അദ്ദേഹം എപ്പോഴും എനിക്ക് താക്കീതു നൽകി. ഗർഭം അലസിപ്പോകുന്നതായിരിക്കും അതിലും നല്ലതെന്ന് ഞാൻ കരഞ്ഞു കൊണ്ടിരുന്നു. എന്നാൽ ആ സമയവും കഴിഞ്ഞ് എന്റെ വയർ വലുതാകുകയും കുഞ്ഞ് വയറ്റിൽ മെല്ലെ മെല്ലെ ഇളകുവാൻ തുടങ്ങുകയും ചെയ്തു.

കുഞ്ഞിനെ ഓർത്ത് ഞാൻ താരാട്ടുകൾ പഠിക്കുകയോ കുട്ടിക്കുപ്പായങ്ങൾ തുന്നുകയോ ചെയ്തില്ല. പ്രസവത്തോടെ മരിക്കണമെന്നും ജനിക്കുന്നത് ഒരു ജീവനില്ലാത്ത കുഞ്ഞായിരിക്കണമെന്നും ഞാൻ ഉൽക്കടമായി ആഗ്രഹിച്ചു. 

ഒരു പാത്രത്തിൽ ഇരുന്നൂറ്റി എൺപതു കല്ലുകൾ ഞാൻ പെറുക്കി വെച്ചിരുന്നു.ഓരോ ദിവസവും ഒരു കല്ല് വീതം ഞാൻ ജനലിലൂടെ പുറത്തു കളഞ്ഞു. കല്ലുകളുടെ എണ്ണം കുറയുന്നത് കാണുമ്പോൾ മരണ ദിനം സമീപിക്കുകയാണെന്ന് കരുതി ഞാൻ ആശ്വസിച്ചു. 

പത്തു കല്ലുകൾ ബാക്കിയുണ്ടായിരുന്നപ്പോഴാണ് ഒരുച്ചയ്ക്ക് അസഹ്യമായ വേദനയും വിയർപ്പുമായി ഞാൻ പരവശപ്പെട്ട് പോയത്. ഞാൻ തനിച്ചായിരുന്നു. അയല്പക്കത്തെ അമ്മൂമ്മയെ കൂട്ടിനു വിളിച്ച് ഒരു ഓട്ടോ റിക്ഷയിൽ കയറി ഞാൻ ഡോക്ടറെ കാണാൻ പോയി. അങ്ങനെയാണ് കടിഞ്ഞൂൽ ഗർഭിണികൾക്കുണ്ടാവുന്ന ഫാൾസ് പെയിൻ എന്ന ശല്യത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്. തിരികെ വീട്ടിലേക്ക് വരുമ്പോൾ എനിക്ക് സത്യമായും വലിയ ലജ്ജയും അപമാനവും തോന്നിയിരുന്നു.

അദ്ദേഹത്തിനാകട്ടെ എന്നോടുള്ള മടുപ്പും അസഹ്യതയും വർദ്ധിപ്പിക്കാൻ മാത്രമേ ഈ സംഭവം ഉപകരിച്ചുള്ളൂ. ഇത്തരം തമാശകളൊന്നും ഇനി മേലിൽ ആവർത്തിക്കരുതെന്ന് കടുപ്പിച്ച സ്വരത്തിൽ പറഞ്ഞ് അദ്ദേഹം എന്നെയും ആ പ്രശ്നങ്ങളേയും തട്ടിമാറ്റി.

കല്ലുകളുടെ എണ്ണം രണ്ടായി കുറഞ്ഞ വേളയിലും, എനിക്കുണ്ടായ ഈറ്റു നോവ് ദഹനക്കേടിന്റെ വയറ്റു വേദനയായത് അങ്ങനെയാണ്. വിയർപ്പ് തുടച്ചാൽ മാറിക്കോളുമെന്നും അതിനു ഒരു തോർത്തുമുണ്ടിന്റെ മാത്രം ആവശ്യമേയുള്ളൂവെന്നും തിരിച്ചറിയാൻ കഴിഞ്ഞതും അപ്പോഴാണ്. നട്ടെല്ലിൽ ഇടി മിന്നുന്നുവെന്നതൊക്കെ വെറുമൊരു തോന്നലാണെന്നറിഞ്ഞതും ആ നേരത്താണ്. അതു കൊണ്ട് ഞാൻ വിറയ്ക്കുന്ന കാലുകൾ ഒതുക്കി, മടിയിലേക്കു ചാഞ്ഞ വയറിന്മേൽ കൈ വെച്ച്, വസ്ത്രത്തിൽ രക്തം പുരളാതെ ശ്രദ്ധിച്ച്, ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ വിയർത്തും കിതച്ചും അടക്കത്തോടെ ഇരുന്നു.

കാരണം അതൊരു കറുത്ത പാതി രാത്രിയായിരുന്നു. 

അത്താഴം കഴിച്ച്, ഒരു സിഗരറ്റും വലിച്ച് ഉറങ്ങേണ്ട നേരം.

നഗരത്തിലെ ഓട്ടോ റിക്ഷകളും ടാക്സികളും പോലും കണ്ണടച്ചുറങ്ങുന്ന വിശ്രമവേള.

അതു കൊണ്ട് പ്രഭാതമാകും വരെ ക്ഷമയോടെ കാത്തിരിക്കണം.

പ്രസവവേദനയെ ബോധ്യപ്പെടുത്താനുള്ള വരം ദൈവം എല്ലാവർക്കും കൊടുക്കാറില്ല. പകരം ക്ഷമയും അടക്കവും പഠിപ്പിക്കും. അത്തരം ഒരുപാട് കളി തമാശകൾ ദൈവം ഞാനുമായി പങ്കു വെച്ചിട്ടുണ്ട്.